കൊച്ചി: അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്താഗ്രഹിക്കുന്ന സംരംഭകര്‍ക്ക് വ്യക്തിഗതമായി ജില്ലാ തലത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇവരുടെ സഹായത്തിനായി വിവിധ വകുപ്പുകളുടെ ഏകോപന സമിതി എല്ലാ മാസവും ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വ്യവസായവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ്(കെഐഇഡി) നടത്തുന്ന സമഗ്ര സംരംഭകത്വ പരിശീലന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കളമശേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളുടെ അടച്ചുപൂട്ടല്‍ നിരക്ക് ദേശീയശരാശരിയേക്കാള്‍ താഴെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി മാത്രം എല്ലാ വകുപ്പുകളും ഒത്തു ചേരുന്ന ഏകോപനസമിതി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനു പുറമെ അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വ്യക്തിഗത പരിഗണന നല്‍കാന്‍ ജില്ലാതലത്തില്‍ പ്രത്യേകം ഏകോപനസമിതി രൂപീകരിക്കും. ഈ സമിതിയില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍, ലീഡ് ബാങ്ക് പ്രതിനിധി, കെഐഇഡി പ്രതിനിധി എന്നിവരുണ്ടാകും.
സംരംഭകത്വ വര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ബാങ്കുകളുടെ മേധാവികളുമായി വ്യവസായ വകുപ്പ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴും ചെറുകിട വ്യവസായ സംരംഭകര്‍ മൂലധന സ്വരൂപണത്തിനായി പ്രാദേശിക സാമ്പത്തിക സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്.
ഈ സ്ഥിതി മാറാന്‍ ബാങ്കുകളുടെ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
35 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം പത്തെണ്ണം ആരംഭിച്ചിട്ടുണ്ട്.
ഇതിനു പുറമെ ക്യാമ്പസ് വ്യവസായ പാര്‍ക്ക്, സഹകരണ വ്യവസായ പാര്‍ക്ക് എന്നിവയും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.