
ന്യൂഡൽഹി: രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോള വിപണിയിലേക്ക് കടന്നുചെല്ലാനുള്ള വാതിലുകള്‍ തുറന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു പദ്ധതിക്ക് രൂപം നല്‍കുന്നു.
ഇതിന്റെ ഭാഗമായി പുതിയ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണികളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ബെര്‍ണില്‍ ഇന്ത്യന്‍ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.
പ്രത്യേകിച്ച്, ആദ്യമായി കയറ്റുമതി ചെയ്യുന്ന എംഎസ്എംഇകള്‍ക്ക് ഇത് വലിയൊരു സഹായമാകും. പുതിയ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ ഏതൊരു ഭാഗത്തും രജിസ്റ്റര്‍ ചെയ്യാന്‍ പണം ചിലവഴിക്കേണ്ടി വരുന്ന ഏതൊരു എംഎസ്എംഇക്കും അതിന്റെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ നല്‍കുമെന്ന് ഗോയല്‍ പറഞ്ഞു.
കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ മിഷന്റെ (EPM) ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത് . എംഎസ്എംഇകള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക, ഇ-കൊമേഴ്‌സ് കയറ്റുമതിക്ക് പിന്തുണ നല്‍കുക, വിദേശ രാജ്യങ്ങളില്‍ വെയര്‍ഹൗസിംഗ് സൗകര്യങ്ങള്‍ ഒരുക്കുക, ബ്രാന്‍ഡിംഗ് സംരംഭങ്ങള്‍ക്ക് സഹായം നല്‍കുക എന്നിവയെല്ലാം ഈ മിഷന്റെ ഭാഗമായി നടപ്പിലാക്കും. വ്യാപാര ധനസഹായവും വിപണി ലഭ്യതയും ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങളായിരിക്കും.
ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 40 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 778 ബില്യണ്‍ ഡോളറില്‍ നിന്ന് 825 ബില്യണ്‍ ഡോളറായി കയറ്റുമതി ഉയര്‍ന്നിരുന്നു.
മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ബ്രാന്‍ഡിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ഇന്ത്യന്‍ വ്യവസായ ലോകത്തോട് ആഹ്വാനം ചെയ്തു.
യുഎഇ, ഓസ്‌ട്രേലിയ, യുകെ, എന്നിവയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ (FTA) ഒപ്പിട്ടതായും യൂറോപ്യന്‍ യൂണിയന്‍, ഒമാന്‍, ന്യൂസിലാന്‍ഡ് എന്നിവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മെര്‍ക്കോസര്‍ ബ്ലോക്കിന് കീഴില്‍ ബ്രസീലുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.