
കൊച്ചി: പുതിയ വിപണികൾ കണ്ടെത്തിയും ആഭ്യന്തര രംഗത്ത് കൂടുതൽ ഉപഭോക്താക്കളെ നേടിയും ഇന്ത്യൻ ഐ.ടി കമ്പനികൾ തളർച്ച മറികടക്കുന്നു.
നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ(ടി.സി.എസ്) അറ്റാദായം ഒൻപത് ശതമാനം ഉയർന്ന് 12,040 കോടി രൂപയിലെത്തി. ഇക്കാലയളവിൽ ടി.സി.എസിന്റെ മൊത്തം വരുമാനം 5.4 ശതമാനം ഉയർന്ന് 62,613 കോടി രൂപയായി.
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം മൂലം ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ ലാഭ മാർജിനിൽ ഗണ്യമായ കുറവുണ്ടായെന്ന് പ്രവർത്തന ഫലം വ്യക്തമാക്കുന്നു. പലിശ, നികുതി എന്നിവയ്ക്ക് മുൻപുള്ള വരുമാനം(എബിറ്റ) 24.7 ശതമാനമായി.
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ മാന്ദ്യ സാഹചര്യം മറികടക്കുന്നതിനായി ഇന്ത്യൻ ഐ.ടി കമ്പനികൾ ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യയിലെ ബിസിനസിൽ 61.8 ശതമാനം വളർച്ചയാണ് ടി.സി.എസ് നേടിയത്.
മിഡിൽ ഈസ്റ്റ്, ഏഷ്യ പസക്കിക് മേഖലകളിലും കമ്പനി മികച്ച വളർച്ച നിരക്ക് നേടി.
അതേസമയം കമ്പനിയുടെ മൊത്തം കരാർ മൂല്യം 830 കോടി ഡോളറിലേക്ക് താഴ്‌ന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ടി.സി.എസിന് 1320 കോടി ഡോളറിന്റെ കരാർ മൂല്യമാണുണ്ടായിരുന്നത്.