രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

ലാഭത്തിൽ കുതിപ്പുമായി ബിഎസ്എന്‍എല്‍; രണ്ട് വര്‍ഷത്തിനിടെ 25,000 കോടിയുടെ വരുമാനം

മുംബൈ: കേന്ദ്ര സര്‍ക്കാരിന്‍റെ പുനരുദ്ധാരണ പാക്കേജുകളുടെ കരുത്തില്‍ വന്‍ സാമ്പത്തിക കുതിച്ചുചാട്ടവുമായി പൊതുമേഖലാ ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍).

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബിഎസ്എന്‍എല്ലിന്‍റെ വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനയുണ്ടായതായി വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ബാങ്കിംഗ് മേഖലയിലെയോ കോര്‍പറേറ്റ് മേഖലയിലെയോ മികച്ച പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കമ്പനിയുടെ ഈ പുനരുജ്ജീവനം.

ബിഎസ്എന്‍എല്ലിന്‍റെ വാര്‍ഷിക വരുമാനം 21,000 കോടി രൂപയില്‍ നിന്ന് 25,000 കോടി രൂപയായി ഉയര്‍ന്നു. ഇതിനേക്കാള്‍ സുപ്രധാനമായി കമ്പനിയുടെ പ്രവര്‍ത്തന ലാഭം 50 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയായി കുത്തനെ ഉയര്‍ന്നതായും മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളും സ്വകാര്യ കമ്പനികളുടേതിന് സമാനമായ തൊഴില്‍ അച്ചടക്കവുമാണ് ബിഎസ്എന്‍എല്ലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

ഓരോ സര്‍ക്കിള്‍ തലത്തിലും സംസ്ഥാന തലത്തിലും എന്‍റര്‍പ്രൈസ് ബിസിനസുകള്‍ക്കും പുതിയ മൊബൈല്‍ കണക്‌ഷനുകള്‍ക്കുമായി കൃത്യമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിന്‍റെ പ്രതിവാര അവലോകനവും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വവും ഉറപ്പാക്കിയതാണ് ഈ സാമ്പത്തിക അടിത്തറ ശക്തമാക്കിയത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി സാങ്കേതികവിദ്യ അതിവേഗം രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചു. വെറും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ടവറുകളിലാണ് തദ്ദേശീയ 4 ജി സാങ്കേതികവിദ്യ ലഭ്യമാക്കിയത്. ആഗോള നിലവാരത്തിലേക്ക് ഈ സാങ്കേതികവിദ്യയെ മാറ്റിയെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

ഇതോടെ, ഇത്രയും ആഴത്തിലുള്ള തദ്ദേശീയ 4 ജി സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയതായും മന്ത്രാലയം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക-സാമ്പത്തിക പ്രതിസന്ധികള്‍, ദുര്‍ഘടമായ ഭൂപ്രകൃതി, മാവോയിസ്റ്റ് ഭീഷണി എന്നിവ കാരണം മുന്‍പ് മൊബൈല്‍ കണക്റ്റിവിറ്റി ഇല്ലാതിരുന്ന 35,000 ഗ്രാമങ്ങളില്‍ തടസമില്ലാത്ത നെറ്റ്‌വര്‍ക്ക് എത്തിക്കാന്‍ ബിഎസ്എന്‍എല്ലിന് കഴിഞ്ഞു.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ഡിജിറ്റലായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം 25,000 ടവറുകള്‍ ഇത്തരം മേഖലകളില്‍ സ്ഥാപിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന 10,000 ടവറുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും അതിവേഗ ഫൈബര്‍ ഇന്‍റര്‍നെറ്റ് എത്തിക്കുന്നതിനായി 1,40,000 കോടി രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ഭാരത്നെറ്റ് ഒന്ന്. രണ്ട് ഘട്ടങ്ങളിലെ പോരായ്മകള്‍ പരിഹരിച്ചാണ് പുതിയ ഘട്ടം നടപ്പിലാക്കുന്നത്. നിലവില്‍ 15 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ 1.5 കോടി വീടുകളിലേക്ക് കണക്‌ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭകരെയും പങ്കാളികളാക്കിക്കൊണ്ട് അവസാന മൈല്‍ കണക്റ്റിവിറ്റി കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

X
Top