
ന്യൂഡൽഹി: പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലൂടെയും ഇന്ത്യയുടെ ഊർജ്ജ നിക്ഷേപം 2026-ൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 170 ബില്യൺ ഡോളറിലെത്തുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി വ്യക്തമാക്കി.
രാജ്യത്തിന്റെ മൊത്തം ഊർജ്ജ ചെലവിന്റെ പകുതിയോളവും വൈദ്യുതി മേഖലയിലാണ് വിനിയോഗിക്കുന്നത്. ഇതിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് മേഖലയിലെ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിവർഷം 25% വർദ്ധിച്ച് 20 ബില്യൺ ഡോളറിലെത്തി.
സൗരോർജ്ജ, കാറ്റാടി പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം വർദ്ധിച്ചതോടെ ഗ്രിഡ് സ്ഥിരത നിലനിർത്തുന്നതിനും പ്രസരണ ശൃംഖലകൾ നവീകരിക്കുന്നതിനുമായി 2026-ൽ 26 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, 2020 നും 2025 നും ഇടയിൽ ജലവൈദ്യുത, ആണവോർജ്ജ മേഖലകളിലെ നിക്ഷേപങ്ങൾ മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. 2047-ഓടെ ആണവോർജ്ജ ശേഷി നിലവിലെ 9 ജിഗാവാട്ടിൽ നിന്ന് 100 ജിഗാവാട്ടായി ഉയർത്താനും രാജ്യം ലക്ഷ്യമിടുന്നു.
വൈദ്യുതി ഉൽപ്പാദനത്തിലും വ്യവസായങ്ങളിലും ഇന്ത്യയുടെ പ്രധാന ആശ്രയമായി കൽക്കരി ഇപ്പോഴും തുടരുകയാണ്. കൽക്കരി വിതരണത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, 2026-ൽ ഈ മേഖലയിൽ 13 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് ഐഇഎ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2030-ഓടെ കൽക്കരി ഉൽപ്പാദനം 1.5 ബില്യൺ ടണ്ണായി ഉയർത്താനാണ് സർക്കാർ ശ്രമം.
ഇതിനൊപ്പം പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തര-ആഗോള ആവശ്യകത മുൻനിർത്തി എണ്ണ ശുദ്ധീകരണ മേഖലയും വലിയ നിക്ഷേപങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ഈ മേഖലയിലെ ചെലവ് പ്രതിവർഷം 23% ആണ് വർദ്ധിക്കുന്നത്. നിലവിലെ 258 ദശലക്ഷം മെട്രിക് ടൺ ശുദ്ധീകരണ ശേഷി 2030-ഓടെ 310 MMTPA-ക്ക് മുകളിലേക്ക് ഉയർത്താനാണ് ഇന്ത്യ പദ്ധതിയിടുന്നത്.
അതേസമയം, 2020 മുതൽ അപ്‌സ്ട്രീം എണ്ണ, വാതക നിക്ഷേപങ്ങളിൽ പ്രതിവർഷം ശരാശരി 7% ഇടിവ് രേഖപ്പെടുത്തിയത് വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പുതിയ പര്യവേക്ഷണങ്ങൾക്കായി മൂലധനം ആകർഷിക്കാൻ സർക്കാർ പുതിയ ലൈസൻസിംഗ് സംവിധാനം അവതരിപ്പിച്ചു കഴിഞ്ഞു.
ഈ മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കുക എന്ന ഇന്ത്യയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി മാത്രം 20 ബില്യൺ ഡോളറിന്റെ ആഴക്കടൽ ഡ്രില്ലിംഗ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ രാജ്യം വളരെയധികം ആശ്രയിക്കുന്നുണ്ടെങ്കിലും, ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒരു വലിയ കയറ്റുമതി രാജ്യമായി മാറിക്കഴിഞ്ഞു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.






