
ന്യൂഡല്‍ഹി: ത്വരിതഗതിയില്‍ വളർച്ച കൈവരിക്കുന്ന വലിയ സമ്പദ്വ്യവസ്ഥയായി തുടർന്ന് ഇന്ത്യ. നടപ്പുസാമ്പത്തിക വർഷത്തില്‍ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ പറയുന്നു.
ആഗോള സമ്പദ്വ്യവസ്ഥ അപകടകരമായ മാന്ദ്യം അനുഭവിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെന്നത് ശ്രദ്ധേയമാണെന്നും യുഎൻ റിപ്പോർട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.
ശക്തമായ സ്വകാര്യ ഉപഭോഗത്തിലൂടേയും പൊതുനിക്ഷേപത്തിലൂടേയും ഏറ്റവും വേഗത്തില്‍ വളർച്ചയിലേക്ക് നീങ്ങുന്ന വലിയ സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുകയാണ്.
2025 ജനുവരിയില്‍ രേഖപ്പെടുത്തിയ 6.6 ശതമാനം വളർച്ചാനിരക്ക് 6.3 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വളർച്ച ശ്രദ്ധേയമാണെന്ന് യുഎന്നിലെ മുതിർന്ന സാമ്പത്തികകാര്യ ഉദ്യോഗസ്ഥനായ ഇംഗോ പിറ്റേർലെ പറഞ്ഞു.
വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്‌ട്സ് (ഡബ്ല്യുഇഎസ്പി) അർധവാർഷിക റിപ്പോർട്ട് പ്രകാരം അടുത്ത വർഷം ഇന്ത്യൻ സമ്ബദ് വ്യവസ്ഥയുടെ പ്രതീക്ഷിക്കുന്ന വളർച്ചാനിരക്ക് 6.4 ശതമാനമായിരിക്കുമെന്നാണ്. വളർച്ചാനിരക്കില്‍ ജനുവരിയിലേതിനേക്കാള്‍ 0.3 ശതമാനം കുറവുണ്ടാകുമെങ്കിലും മികച്ച വളർച്ചാനിരക്ക് കൈവരിക്കുമെന്നാണ് റിപ്പോർട്ടില്‍.
ആഗോളസമ്പദ്വ്യവസ്ഥ അപകടകരമായ നിലയിലാണെന്നും റിപ്പോർട്ട് പറയുന്നു. വ്യാപാരപിരിമുറുക്കങ്ങളും വ്യാപാരനയത്തിലെ അനിശ്ചിതാവസ്ഥയും ആഗോളസമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ആഗോളസമ്പദ്വ്യവസ്ഥ ഏറെ മോശമായ നിലയിലാണെന്ന് ഇക്കണോമിക് ആൻഡ് പോളിസി ഡിവിഷൻ ഡയറക്ടർ ശാന്തനു മുഖർജി ഡബ്ല്യുഇഎസ്പിയുടെ പ്രസിദ്ധീകരണവേളയില്‍ പറഞ്ഞു.
രണ്ടുവർഷത്തെ സുസ്ഥിരവളർച്ചയാണ് ആഗോളസമ്പദ്വ്യവസ്ഥയുടെ വിഷയത്തില്‍ ഇക്കൊല്ലം ജനുവരിയില്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ മറിച്ചാണ് സംഭവിച്ചതെന്നും ശാന്തനു മുഖർജി കൂട്ടിച്ചേർത്തു.
അതേസമയം ആഗോള വളർച്ചാനിരക്കായ 2.4 ശതമാനത്തില്‍ നിന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യയുടെ വളർച്ചാനിരക്ക് വ്യത്യസ്തമായി തുടരുകയാണെന്നും ഡബ്ല്യുഇഎസ്പി റിപ്പോർട്ട് പറയുന്നു.
ലോകത്തെ വലിയ സാമ്പത്തിക ശക്തികളില്‍ ചൈനയുടെ വളർച്ചാനിരക്ക് 4.6 ശതമാനവും യുഎസിന്റേത് 1.6 ശതമാനവും ജർമനിയുടേത് -0.1 ശതമാനവും ജപ്പാന്റെ നിരക്ക് 0.7 ശതമാനവും യൂറോപ്യൻ യൂണിയന്റേത് ഒരുശതമാനമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
സ്വകാര്യഉപഭോഗവും പൊതുനിക്ഷേപവും കയറ്റുമതിയും ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കും. നാണയപ്പെരുപ്പം, തൊഴിലവസരം തുടങ്ങിയവയിലും ഇന്ത്യയ്ക്ക് അനുകൂലമായ പ്രവണതകള്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
2024-ലെ നിരക്കായ 4.9 ശതമാനത്തില്‍നിന്ന് നാണയപ്പെരുപ്പനിരക്ക് 4.3 ശതമാനമായി കുറയും. തൊഴിലില്ലായ്മ നിരക്കില്‍ വർധനവുണ്ടാകില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തികവളർച്ചാനിരക്ക് 6.2 ശതമാനമായിരിക്കുമെന്നും അടുത്തകൊല്ലം 6.3 ശതമാനമായി വർധിക്കുമെന്നും ഏപ്രില്‍ മാസത്തില്‍ അന്താരാഷ്ട്ര നാണയനിധി പറഞ്ഞിരുന്നു.