
ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ നിന്ന് റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നതായി സൂചന. ഇതേ തുടര്‍ന്ന് ഓഹരി വിപണിയില്‍ വാഹനകമ്പനികളുടെ ഓഹരി വില ഉയര്‍ന്നു.
നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ വഴി രാജ്യത്ത് തന്നെ ഇവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഉത്പാദനം കൂട്ടുക, ഉപയോഗശേഷം വീണ്ടും സംസ്‌കരിച്ച് ഉപയോഗിക്കുക, നിലവിലുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിക്ക് പുറമെ ഖനനത്തിന് കൂടുതല്‍ പിന്തുണ നല്‍കുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്.
ജൂണ്‍ മുതല്‍, എല്ലാ ഖനന പ്രവര്‍ത്തനങ്ങളിലും മാലിന്യങ്ങളില്‍ നിര്‍ണായക ധാതുക്കളുടെ അംശമുണ്ടോയെന്ന് പരിശോധിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനയുടെ നിയന്ത്രണങ്ങളും ഇന്ത്യയുടെ പ്രതികരണവും ഏപ്രിലില്‍, ചൈന സമാരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടേഷ്യം, സ്‌കാന്‍ഡിയം, ഇട്രിയം എന്നിങ്ങനെ ഏഴ് പ്രധാന അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ഇവ നിയോഡൈമിയം അയണ്‍ ബോറോണ്‍, സമാരിയം-കോബാള്‍ട്ട് , പോലുള്ളവ നിര്‍മ്മിക്കാന്‍ അത്യാവശ്യമാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചൈനയുടെ നിയന്ത്രണങ്ങള്‍ വന്നതു മുതല്‍ ഇന്ത്യ ബദല്‍ നടപടികള്‍ പരിശോധിച്ച് വരികയാണ്.
ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇവ ഇറക്കുമതി ചെയ്യുക, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് വഴി ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക, സ്വകാര്യ മേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ ഇതില്‍പ്പെടുന്നു.
ഇന്ത്യ റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സിന് ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത് (ഏകദേശം 80% ഇറക്കുമതി). എന്നിരുന്നാലും, ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വളരെ കുറവായതിനാല്‍ ഈ നിയന്ത്രണങ്ങള്‍ വലിയ തോതില്‍ ബാധിച്ചിട്ടില്ല.
ഇന്ത്യയില്‍ വില്‍ക്കുന്ന 95% വാഹനങ്ങളും ഇപ്പോഴും പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നവയാണ്. റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് പ്രധാനമായും ഹൈബ്രിഡ് പാസഞ്ചര്‍ വാഹനങ്ങളിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലുമാണ് ഉപയോഗിക്കുന്നത്.
ഒരു ഇലക്ട്രിക് വാഹനത്തിന് ഏകദേശം 0.8 കിലോഗ്രാം, ഹൈബ്രിഡ് വാഹനത്തിന് 0.5 കിലോഗ്രാം, പെട്രോള്‍/ഡീസല്‍ വാഹനത്തിന് 0.1 കിലോഗ്രാം എന്നിങ്ങനെയാണ് ശരാശരി റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ ഉപയോഗിക്കുന്നത്.
അതിനാല്‍, ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക, തുടര്‍ന്ന് ഹൈബ്രിഡ് പാസഞ്ചര്‍ വാഹനങ്ങളെയും പിന്നീട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെയും. സാധാരണ പെട്രോള്‍/ഡീസല്‍ വാഹനങ്ങളില്‍ ഇതിന്റെ സ്വാധീനം വളരെ കുറവായിരിക്കും.