
ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ വൻ നിക്ഷേപം തുടരുകയാണ് കേന്ദ്രസർക്കാർ. ഈ മാസം 26 റാഫേല്‍-മാരിടൈം സ്ട്രൈക്ക് ഫൈറ്ററുകള്‍ വാങ്ങുന്നതിന് നരേന്ദ്രമോദി സർക്കാർ പച്ചക്കൊടി കാണിക്കാൻ ഒരുങ്ങുകയാണ്. 2024-25 കാലയളവില്‍ രണ്ട് ലക്ഷം കോടി രൂപയിലധികം സർക്കാർ പ്രതിരോധ മേഖലയില്‍ ചെലവാക്കിയിട്ടുണ്ട്.
760 കോടി ഡോളറിന്റെ യുദ്ധവിമാന കരാർ ഈ മാസം അവസാനം സുരക്ഷാകാര്യ കാബിനറ്റ് കമ്മറ്റിക്ക് (സിസിഎസ്) മുമ്ബാകെ അവതരിപ്പിക്കുമെന്നാണ് വിവരം. ഇതിന് പിന്നാലെ മൂന്ന് ഡീസല്‍ ഇലക്‌ട്രിക് അന്തർവാഹിനി കപ്പലുകള്‍ക്കും സർക്കാർ അനുമതി നല്‍കും.
ഇന്ത്യയുടെ രണ്ട് വിമാനവാഹിനികപ്പലുകളില്‍ ഉപയോഗിക്കാനാവുന്ന റാഫേല്‍-എം യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ നാവികസേനയ്ക്ക് ശക്തിപകരും. ഒപ്പം പുതിയ അന്തർവാഹിനി കപ്പലുകളും ഇന്ത്യൻ സമുദ്രമേഖലയില്‍ പ്രതിരോധം ശക്തിപ്പെടുത്തും.
മുൻ വർഷങ്ങളേക്കാള്‍ ഏറ്റവും അധികം തുകയാണ് 2024-25 വർഷത്തേക്കായി ഇന്ത്യ മാറ്റിവെച്ചിരിക്കുന്നത്. 2023-24 ല്‍ 104855.92 കോടി രൂപയുടെ 192 കരാറുകളാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചത്.
എന്നാല്‍ 2024-25-ല്‍ 209059.85 കോടി രൂപ ചെലവ് വരുന്ന 193 കരാറുകള്‍ ഒപ്പുവെച്ചു. 2014 ല്‍ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനുശേഷം, ഏകദേശം 946225.48 കോടി രൂപ വിലമതിക്കുന്ന 1096 കരാറുകളിലാണ് മന്ത്രാലയം ഒപ്പുവച്ചത്.