
ന്യൂഡൽഹി: കാത്തിരിപ്പിനൊടുവിൽ, ഇന്ത്യ– ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒക്ടോബർ 20ന് വിജയദശമി ദിനത്തിൽ പ്രാബല്യത്തിലാകും. 9 മാസത്തെ ചർച്ചയ്ക്കൊടുവിൽ റെക്കോർഡ് വേഗത്തിലാണ് 2025 ഡിസംബറിൽ കരാർ അന്തിമമാക്കിയത്. ഒക്ടോബർ 20നു തന്നെ ഇന്ത്യയിൽ നിന്നു കയറ്റിയയയ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും (8,284 ഇനങ്ങൾ) തീരുവരഹിതമാകും. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടമൊബീൽ അടക്കം 450 ഇനങ്ങൾക്ക് ഏകദേശം 10% വരെ തീരുവ ഈടാക്കുന്നുണ്ട്.
പകരം, ന്യൂസീലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 70.03% ഇനങ്ങൾക്കും (മൊത്തം ഇറക്കുമതി മൂല്യത്തിന്റെ 95%) തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കരാർ പ്രാബല്യത്തിലാകുന്ന ആദ്യ ദിവസം തന്നെ ന്യൂസീലൻഡിൽ നിന്നുള്ള 30% ഉൽപന്നങ്ങൾക്കും തീരുവ പൂർണമായും ഒഴിവാകും. മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ന്യൂസീലൻഡ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടം ഘട്ടമായി 9.06 ശതമാനമാകും.
ഇന്ത്യയ്ക്കുള്ള നേട്ടങ്ങൾ
∙ പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താൽക്കാലിക തൊഴിൽ വീസകൾ. 1,446 വീസകൾ 13 മെഡിക്കൽ എൻജിനീയറിങ് പോലുള്ള സ്കിൽഡ് മേഖലകളിൽ.
∙15 വർഷത്തിനിടയിൽ ന്യൂസീലൻഡിൽ നിന്ന് 2,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം.
∙ ന്യൂസീലൻഡിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രതിവാരം 20 – 25 മണിക്കൂർ ജോലിചെയ്യാം.
∙ ന്യൂസീലൻഡിൽ ഹ്രസ്വകാലത്തേക്കു വന്നു ജോലി ചെയ്യാനായി ഇന്ത്യക്കാർക്ക് ഓരോ വർഷവും 1,000 ‘വർക് ആൻഡ് ഹോളിഡേ’ വീസകൾ.
∙ കിവി, ആപ്പിൾ, തേൻ ഉൽപാദനത്തിൽ ഇന്ത്യൻ കർഷകർക്ക് വൈദഗ്ധ്യം നൽകുന്നതിനായി ന്യൂസീലൻഡ് അഗ്രി–ടെക്നോളജി ആക‍്ഷൻ പ്ലാൻ.
∙ ന്യൂസീലൻഡിൽ ബിരുദം പൂർത്തിയാക്കിയവർക്ക് 2 വർഷവും പിഎച്ച്ഡി ചെയ്തവർക്ക് 4 വർഷവും അവിടെ ജോലി ചെയ്യാൻ അനുമതി.
∙ ഇന്ത്യൻ മരുന്നുകൾക്ക് രാജ്യാന്തര ഏജൻസികളുടെ ക്ലിയറൻസ് അംഗീകരിക്കും. ഓർഗാനിക് ഉൽപന്നങ്ങളും പരസ്പരം അംഗീകരിക്കും.
ഇന്ത്യ–കാനഡ വ്യാപാരക്കരാർ ചർച്ചകൾ അതിവേഗം
ഇന്ത്യ–കാനഡ സ്വതന്ത്ര വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകളും അതിവേഗം പുരോഗമിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത റൗണ്ട് ചർച്ച ഒക്ടോബർ അഞ്ചിന് ആരംഭിക്കും. നാലാം റൗണ്ട് ചർച്ച ഇക്കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ സമാപിച്ചത്. ഈ വർഷത്തിനുള്ളിൽ തന്നെ എല്ലാത്തരം ചർച്ചകളും പൂർത്തിയാക്കി കരാർ അന്തിമമാക്കാനാണ് നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിൽ 1,700 കോടി ഡോളറിന്റേതാണ്. ഇത് 2030ൽ മൂന്നരട്ടിയിലേറെ വർധിപ്പിച്ച് 5,000 കോടി ഡോളറാക്കുകയാണ് ലക്ഷ്യം.
കാനഡയിൽ ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത്, ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തെത്തുടർന്നാണ് വ്യാപാരച്ചർച്ചയിൽ വിള്ളൽ വീണത്.






