തിരുവനന്തപുരം: കേരള ട്രാവല്‍ മാർട്ടില്‍ (കെ.ടി.എം) ബയർ രജിസ്‌ട്രേഷൻ 2800 കടന്ന് പുതിയ റെക്കാഡിലെത്തിയെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത ട്രാവല്‍ മേളയായി 24 വർഷത്തെ പാരമ്പര്യമുള്ള കെ.ടി.എം മാറിയെന്നും അദ്ദേഹം പറഞ്ഞു.
സെപ്‌തംബർ 26 മുതല്‍ 29 വരെ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര സാമുദ്രിക കണ്‍വെൻഷൻ സെന്ററില്‍ നടക്കുന്ന കെ.ടിഎ.മ്മിന്റെ മൊബൈല്‍ ആപ്പും മന്ത്രി പുറത്തിറക്കി.
നിലവിലെ സാഹചര്യത്തില്‍ വയനാടിന് പ്രാമുഖ്യം നല്‍കി വിവിധ വിപണികളില്‍ ക്യാമ്ബയിനുകള്‍ സംഘടിപ്പിക്കും. വയനാട് ദുരന്തത്തെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങള്‍ ഊർജിതമാക്കുമെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കെ.ടി.എമ്മിന്റെ സംഭാവന മന്ത്രി മുഹമ്മദ് റിയാസിന് കെ.ടി.എം സൊസൈറ്റി മുൻ പ്രസിഡന്റ് ഇ.എം. നജീബ് കൈമാറി.
ഇത്തവണ ആഭ്യന്തര ബയർ രജിസ്‌ട്രേഷൻ 2035 കവിഞ്ഞു. ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, കെ.ടി.എം സൊസൈറ്റി സെക്രട്ടറി സ്വാമിനാഥൻ.എസ്, മുൻ പ്രസിഡന്റുമാരായ ഇ.എം നജീബ്, ബേബി മാത്യു സോമതീരം എന്നിവരും പങ്കെടുത്തു.
22 മുതല്‍ പ്രീമാർട്ട് ടൂർ
22 മുതല്‍ 26 വരെ നടക്കുന്ന പ്രീമാർട്ട് ടൂറില്‍ മാദ്ധ്യമപ്രവർത്തകർ, വ്‌ളോഗർമാർ, ഇൻഫ്ളുവൻസർമാർ എന്നിവർ പങ്കെടുക്കും. സെപ്തംബർ 30 മുതല്‍ ഒക്ടോബർ നാല് വരെ മാർട്ടിനെത്തുന്ന തിരഞ്ഞെടുക്കപ്പെട്ട ബയർമാരെ ഉള്‍പ്പെടുത്തി പോസ്റ്റ് മാർട്ട് ടൂറുകളും ഉണ്ടാകും.