ന്യൂഡൽഹി: അരി കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഒക്ടോബർ മാസത്തിൽ 100 കോടിയുടെ (ഒരു ബില്യൺ) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യൺ ഡോളറാണ് അരി കയറ്റുമതിയിലൂടെ രാജ്യം സമ്പാദിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 565.65 മില്യൺ ഡോളറായിരുന്നു. അതായത്, 85.79 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസത്തിനിടെ അരി കയറ്റുമതി വർദ്ധിച്ചു. 5.27 ശതമാനം വർദ്ധിച്ച് 6,171.35 മില്യൺ ഡോറളറായി. കഴിഞ്ഞ വർഷം ഇത് 5,862.23 മില്യൺ ഡോളറായിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി അരി കയറ്റുമതി സുഗമമാക്കുന്നതിനായി കേന്ദ്രം നിരവധി നീക്കങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് കയറ്റുമതി കുത്തനെ ഉയർന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ബസ്മതി ഇതര അരിയുടെ കയറ്റുമതി നിരോധനം കേന്ദ്രം നീക്കിയത്.
ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരും അരി കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യവുമാണ് ഇന്ത്യ. ലോകത്തിലെ അരി ഉത്പാദനത്തിന്റെ പകുതിയിലധികവും ഇന്ത്യയിലും ചൈനയിലുമാണ് നടക്കുന്നത്.
ലോകത്തിലെ ആകെ അരി കയറ്റുമതിയുടെ 33 ശതമാനവും വഹിക്കുന്നത് ഇന്ത്യയാണ്. 17 മില്യൺ ടൺ അരി വരുമിത്.