മുംബൈ: അദാനി-ഹിൻഡെൻബെർഗ് വിഷയം പുതിയ തലത്തിലേക്ക്. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലറായ ഹിൻഡെൻബെർഗ് റിസർച്ചിന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ കാരണം കാണിക്കൽ നോട്ടീസ്.
2023 ജനുവരിയിൽ പുറത്തുവിട്ട ആരോപണങ്ങൾക്കെതിരെയുള്ള നടപടിക്ക് പകരം സെബി അദാനി ഗ്രൂപ്പിന്റെ സഹായത്തിന് എത്തിയതായി നോട്ടീസ് ലഭിച്ച കാര്യം സ്ഥിരീകരിച്ച് ഹിൻഡെൻബെർഗ് ആരോപിച്ചു.
‘ഇന്ത്യൻ വ്യവസ്ഥകളുടെ സംശയാസ്പദമായ ലംഘന’ത്തിനാണ് സെബി ഹിൻഡെൻബെർഗിന് ഷോകോസ് നോട്ടീസ് നൽകിയിട്ടുള്ളത്.
അദാനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. സുപ്രീംകോടതിയുടെ നിർദേശവും അതുസംബന്ധിച്ച് സെബിക്ക് ലഭിച്ചു. അതെല്ലാം പിന്നിട്ടശേഷമാണ് ഹിൻഡെൻബെർഗിന് സെബിയുടെ നോട്ടീസ് ലഭിച്ചത്.
തങ്ങളുടെ റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന് അനുകൂല നിലപാടാണ് സെബി സ്വീകരിച്ചതെന്നും ബ്ലോഗ് പോസ്റ്റിൽ ഹിൻഡെൻബെർഗ് ആരോപിച്ചു. ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീകോടതി സെബിക്ക് നിർദേശം നൽകിയതിന് ശേഷം, റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ അംഗീകരിക്കുന്ന സമീപനമായിരുന്നു സെബി സ്വീകരിച്ചതെന്നും ഹിൻഡെൻബർഗ് പറയുന്നു.
അതേസമയം, കൂടുതൽ അന്വേഷിക്കാൻ കഴിയില്ലെന്ന നിലപാടാണ് സെബി പിന്നീട് സ്വീകരിച്ചതെന്നും ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സെബി ജീവനക്കാരുടെ വിശദാംശങ്ങൾ, സെബിയും അദാനിയും തമ്മിലുള്ള കൂടിക്കാഴ്ചകൾ, ഫോൺ കോളുകൾ എന്നിവയുടെ വിശദാംശങ്ങൾ തേടി വിവരാവകാശ (ആർടിഐ) അപേക്ഷ നൽകുമെന്ന് ഹിൻഡെൻബെർഗ് വ്യക്തമാക്കിയിട്ടുണ്ട്.
ഓഹരികളിൽ കൃത്രിമം കാണിച്ചും തെറ്റായ കണക്കുകൾ അവതരിപ്പിച്ചും കമ്പനികളുടെ മൂല്യം ഉയർത്തി വൻ തോതിൽ തട്ടിപ്പ് നടത്തിയെന്നാണ് ഹിൻഡെൻബെർഗിന്റെ പ്രധാന ആരോപണം.
വിപണിയിൽ ലിസ്റ്റ് ചെയ്ത ഏഴ് പ്രധാന കമ്പനികളുടെയും യഥാർഥമൂല്യം നിലവിലുള്ളതിനേക്കാൾ 85 ശതമാനം കുറവാണെന്ന് റിപ്പോർട്ടിൽ ആരോപണമുന്നയിച്ചിരുന്നു.
നികുതി വെട്ടിപ്പിന്റെ ഭാഗമായി കരീബിയൻ ദീപുകൾ, മൗറീഷ്യസ്, യുഎഇ എന്നീ രാജ്യങ്ങളിൽ ഷെൽ കമ്പനികളുണ്ടാക്കിയതുൾപ്പടെ നിരവധി കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
ഇതുൾപ്പടെയുള്ളവയാണ് സെബി അന്വേഷിച്ചത്. സെബിയുടെ സൂക്ഷ്മപരിശോധനകൾക്കപ്പുറം കൂടുതൽ അന്വേഷണം വേണ്ടെന്ന് കഴിഞ്ഞ ജനുവരിയിൽ സുപ്രീ കോടതി വ്യക്തമാക്കിയിരുന്നു.