
ചെങ്കടലും ഹോർമുസും കരിങ്കടലുമെല്ലാം യുദ്ധത്തിൽ തിളയ്ക്കുകയും ലോകത്തെ പരമ്പരാഗത എണ്ണ ഉൽപാദക/കയറ്റുമതി രാജ്യങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്ത നിലവിലെ സാഹചര്യം അവസരമാക്കിയെടുത്ത് ഒരു ലാറ്റിൻ അമേരിക്കൻ ‘കുഞ്ഞൻ’ രാജ്യത്തിന്റെ കുതിച്ചുകയറ്റം. പഴയ ബ്രിട്ടീഷ് കോളനിയായ ഗയാനയാണ് എണ്ണ ഉൽപാദനത്തിലും കയറ്റുമതിയിലും പുതുചരിത്രം കുറിക്കുന്നത്. ഇന്ത്യയും ഗയാനയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ട്.
2026 മേയിലെ കണക്കുപ്രകരാരം പ്രതിദിനം 8.88 ലക്ഷം ബാരലാണ് ഗയാനയുടെ ക്രൂഡോയിൽ ഉൽപാദനം. യുഎസ് എണ്ണക്കമ്പനിയായ എക്സോൺ മൊബീൽ 1270 കോടി ഡോളർ (1.22 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ പുതിയ എണ്ണക്കിണർ (ഉവാറു പ്രോജക്ട്) ഗയാനയിൽ ഉൽപാദനസജ്ജമാക്കുന്നുണ്ട്. ഈവർഷം തന്നെ ഉൽപാദനം തുടങ്ങുന്നതോടെ ഇവിടെ നിന്ന് പ്രതിദിനം 2.50 ലക്ഷം ബാരൽ ലഭിക്കുമെന്ന് കരുതുന്നു.
ഉവാറു കൂടി പ്രവർത്തിക്കുന്നതോടെ ഗയാനയുടെ പ്രതിദിന ഉൽപാദനം 10 ലക്ഷം ബാരൽ എന്ന നാഴികക്കല്ലും പിന്നിടും. വെനസ്വേലയുടെ പ്രതിദിന ഉൽപാദനം പ്രതിദിനം 6 ലക്ഷം ബാരൽ ആയിരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ യുഎസ്, വെനസ്വേലയുടെ എണ്ണവിപണിയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു.
കൂടുതൽ മൂലധന നിക്ഷേപമിറക്കിയ യുഎസ് കമ്പനികളുടെ പിന്തുണ പ്രതിദിന ഉൽപാദനം 10 ലക്ഷത്തിന് മുകളിലേക്ക് ഉയർത്താൻ വെനസ്വേലയെ സഹായിച്ചിട്ടുണ്ട്. 2027ഓടെ ഉൽപാദനം 15 ലക്ഷത്തിലെത്തുമെന്നും കരുതുന്നു.
എന്നാൽ, വർഷങ്ങളായി അമേരിക്കയുടെ ഉപരോധം മൂലം ഏറക്കുറെ നിർജീവമായിരുന്നു മിക്ക വെനസ്വേലൻ റിഫൈനറികളും. ഇവ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കണമെങ്കിൽ നവീകരണം വേണം. ഇതിന് വലിയതോതിൽ ഫണ്ടും വേണം. അമേരിക്കയ്ക്ക് പുറമേ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്പനികളുടെ നിക്ഷേപത്തിലേക്കാണ് വെനസ്വേല ഇപ്പോൾ കണ്ണുംനട്ടിരിക്കുന്നത്.
വെനസ്വേലയുമായി തർക്കം; മഡുറോയുടെ ഭീഷണിയും
വെനസ്വേലയും ഗയാനയും തമ്മിൽ നൂറ്റാണ്ടിലേറെയായി അവകാശത്തർക്കമുള്ള പ്രദേശമാണ് ഇസ്സക്യൂബോ (Essequibo). ഗയാനയുടെ അധീനതയിലാണ് ഇവിടമെങ്കിലും വെനസ്വേല ശക്തമായ അവകാശവാദം ഉന്നയിക്കുന്നു. എണ്ണ, ധാതുശേഖരങ്ങളാൽ സമ്പന്നമാണിവിടം. ഇസ്സക്യൂബോ പിടിച്ചെടുക്കുമെന്ന് നിക്കോളാസ് മഡൂറോ ഭീഷണി മുഴക്കിയിരുന്നു.
ഇപ്പോൾ വെനസ്വേലൻ എണ്ണ വ്യവസായമേഖലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരിക്കേ, ഇസ്സക്യൂബോയ്ക്കായി യുഎസ് പ്രസിഡന്റ് ട്രംപും രംഗത്തെത്തുമോ എന്ന ആശങ്ക ഗയാനയ്ക്കുണ്ട്. വെനസ്വേല കഴിഞ്ഞാൽ ലാറ്റിൻ അമേരിക്കയിൽ ഗയാനയ്ക്ക് മുന്നിലുള്ള എണ്ണ ഭീമൻ ബ്രസീലാണ്. പ്രതിദിനം 45 ലക്ഷം ബാരലാണ് ബ്രസീലിന്റെ ഉൽപാദനം. കൊളംബിയ (8 ലക്ഷം), അർജന്റീന (8.6 ലക്ഷം) എന്നിവ തൊട്ടുപിന്നാലെയുണ്ട്.
എണ്ണവിലക്കുതിപ്പ് വൻ നേട്ടം
ലോക എണ്ണ വ്യാപാരത്തിന്റെ മുന്തിയപങ്കും നടക്കുന്ന ചെങ്കടൽ, ഹോർമുസ് എന്നിവയെ ആശ്രയിക്കാത്തവയാണ് ലാറ്റിൻ അമേരിക്കൻ എണ്ണ കയറ്റുമതി രാജ്യങ്ങൾ. യുദ്ധവും കപ്പൽ ഉപരോധവും ഈ രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുമില്ല. അതേസമയം, യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 90-100 ഡോളറൊക്കെ കടന്നുമുന്നേറുമ്പോൾ അതിന്റെ നേട്ടം ഈ രാജ്യങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
ഹോർമുസിനെയും ചെങ്കടലിനെയും ഇറക്കുമതിക്കായി ആശ്രയിച്ചിരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വലിയ ഡിമാൻഡ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് കിട്ടുന്നുമുണ്ട്. ഗയാന, കൊളംബിയ, അർജന്റീന, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങിത്തുടങ്ങിയത് സമീപകാലത്താണ്. വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നത് പുനരാരംഭിക്കുകയും ചെയ്തു.






