
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ വിപിഎൻ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിളും ആപ്പിളും. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകള്‍ നീക്കം ചെയ്തുകൊണ്ടുള്ള ഗൂഗിളിന്റേയും ആപ്പിളിന്റേയും നടപടി.
ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ വിപിഎൻ സേവനദാതാക്കള്‍ ശേഖരിക്കാനും സൂക്ഷിക്കാനും ആവശ്യപ്പെടുന്ന നിയമങ്ങള്‍ സർക്കാർ അവതരിപ്പിച്ച് രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു നീക്കം.
2022 ല്‍ നിലവില്‍ വന്ന പുതിയ നിയമങ്ങള്‍ പാലിക്കാനാവില്ലെന്ന് കാണിച്ച് വിവിധ വിപിഎൻ സേവനദാതാക്കള്‍ നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. ഇപ്പോള്‍ സർക്കാർ ഉത്തരവ് പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും വിപിഎൻ ആപ്പുകള്‍ നീക്കം ചെയ്തത്. ഒക്ടോബർ 29 നാണ് ഗൂഗിളിനോട് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൗഡ്ഫെയറിന്റെ 1.1.1.1 ആപ്പ് ആണ് ഇത്തരത്തില്‍ പിൻവലിച്ച വിപിഎൻ ആപ്പുകളില്‍ ഒന്ന്. ടച്ച് വിപിഎൻ, എക്സ് വിപിഎൻ, ഹൈഡ്.മി, പ്രൈവാഡോ വിപിഎൻ എന്നിവയും പിൻവലിച്ചവയില്‍ ഉള്‍പ്പെടുന്നു.
പ്രോട്ടോണ്‍ വിപിഎൻ, എക്സ്പ്രെസ് വിപിഎൻ, പ്രൈവറ്റ് ഇന്റർനെറ്റ് ആക്സസ്, മുള്‍വാഡ് പോലുള്ള മറ്റ് വിപിഎൻ ആപ്പുകള്‍ ഇപ്പോഴും പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
രണ്ട് വർഷം മുമ്പാണ് വിപിഎൻ സേവദാതാക്കള്‍ അവരുടെ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കണമെന്നും അഞ്ച് വർഷക്കാലത്തേക്ക് സൂക്ഷിച്ച് വെക്കണമെന്നുമുള്ള പുതിയ നിയമങ്ങള്‍ സർക്കാർ അവതരിപ്പിച്ചത്. ഉപഭോക്താവിന്റെ പേര്, വിലാസം, ഐപി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കമെന്നായിരുന്നു ആവശ്യം.
ഈ ഉത്തരവ് പുറത്തിറക്കി, രണ്ട് മാസത്തിന് ശേഷം എക്സ്പ്രെസ് വിപിഎൻ, സർഷാർക്ക്, നോർഡ് വിപിഎൻ, പ്രൈവറ്റ് ഇന്റർനെറ്റ് ആക്സസ് തുടങ്ങിയ മുൻനിര സേവനദാതാക്കള്‍ ഇന്ത്യയിലെ വിപിഎൻ സെർവറുകള്‍ അടച്ചുപൂട്ടി.
ഇന്ത്യയില്‍ പ്രവർത്തിക്കുന്നില്ലെങ്കിലും രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഇവരില്‍ പലരും വിപിഎൻ സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.