യൂട്യൂബ് മുൻ സി.ഇ.ഒ സൂസൻ വോജ്സിക്കി അന്തരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപർ ആണ് മരണവിവരം അറിയിച്ചത്. രണ്ടുവർഷമായി ശ്വാസകോശ അർബുദത്തിന്റെ പിടിയിലായിരുന്നു അവർ.
ഗൂഗിൾ ആൻഡ് ആൽഫബറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈ അടക്കമുള്ളവർ അവർക്ക് ആദരാഞ്ജലിയർപ്പിച്ചു. രണ്ടുവർഷമായി അർബുദത്തോട് പൊരുതുന്ന പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപാട് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് സുന്ദർപിച്ചൈ എക്സിൽ കുറിച്ചത്. ഗൂഗ്ളിന്റെ ചരിത്രത്തിൽ സൂസന് വ്യക്തമായ സ്ഥാനമുണ്ട്.
“അവരില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. നല്ല വ്യക്തിയും നേതാവും സുഹൃത്തുമൊക്കെയായിരുന്നു സൂസൻ. ലോകത്തിനും എന്നെ പോലുള്ള അനവധി ഗൂഗിൽ ജോലി ചെയ്തവരിലും അവർ വലിയ സ്വാധീനം ചെലുത്തി.
തീർച്ചയായും ഈ വിടവ് ഞങ്ങളെ വേദനിപ്പിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. റെസ്റ്റ് ഇൻ പീസ് സൂസൻ”.എന്നാണ് സുന്ദർ പിച്ചൈ കുറിച്ചത്.
2014 മുതൽ 2023 വരെ സൂസൻ യൂട്യൂബിന്റെ സി.ഇ.ഒ ആയിരുന്നു. 2006ലാണ് ഗൂഗിൾ യൂട്യൂബ് വാങ്ങിയത്. അതിനു പിന്നിൽ സൂസൻ ആയിരുന്നു. ഒമ്പത് വർഷം യൂട്യൂബിനെ സൂസൻ നയിച്ചു. ഗൂഗിളിന്റെ അവിഭാജ്യ ഘടകമായിരുന്നു സൂസൻ.
യൂട്യൂബിനെ പരസ്യ ദാതാക്കളിലേക്ക് എത്തിക്കുന്നതിന് സൂസൻ വലിയ സംഭാവന നൽകി. 1999ൽ മാർക്കറ്റിങ് മാനേജറായാണ് സൂസൻ ഗൂഗിളിലെത്തിയത്.
പിന്നീട് കമ്പനിയുടെ ഓൺലൈൻ പരസ്യ ബിസിനസ് നയിച്ച അവർ ഗൂഗിളിന്റെ വീഡിയോ സേവനത്തിന്റെ ചുമതല വഹിച്ചു.