പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ഇന്ത്യൻ പൂക്കളോട് വിദേശികള്‍ക്ക് പ്രിയം; കേരളം വഴിയുള്ള കയറ്റുമതിയില്‍ കുതിപ്പ്

കൊച്ചി: ഇന്ത്യൻ പൂക്കളോട് വിദേശികള്‍ക്കുള്ള പ്രിയമേറുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തുനിന്ന് 749.17 കോടി രൂപയുടെ പൂക്കളാണ് കയറ്റുമതി ചെയ്തത്. 21,039.15 ടണ്‍ പൂക്കളാണ് ഇത്തരത്തില്‍ വിദേശ വിപണിയിലേക്ക് എത്തിയത്. 2023-24-ല്‍ 19,677.88 ടണ്ണായിരുന്നു കയറ്റുമതി. കയറ്റുമതി വരുമാനം 717.84 കോടി രൂപയും.

അലങ്കാരത്തിനും മതപരമായ ചടങ്ങുകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമൊക്കെയാണ് ഇന്ത്യൻ പൂക്കളെ ആശ്രയിക്കുന്നത്. കൂടാതെ, നിറത്തിനും സൗന്ദര്യ വർധക വസ്തുക്കളിലും പ്രത്യേക ഓയിലുകളുടെ നിർമാണത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്.

റോസ, മുല്ലപ്പൂവ്, ഓർക്കിഡ്, ജമന്തി തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ ഏറെ. പൂക്കളില്‍ കട്ട്, ഫ്രഷ്, ഡ്രൈ, റൂട്ട് കട്ട് തുടങ്ങി ചെടിയോടെയുള്ള പൂക്കള്‍ എന്നിങ്ങനെ പല വിഭാഗങ്ങളായാണ് കയറ്റുമതി.

യുഎസ്, നെതർലൻഡ്സ്, യുഎഇ, കാനഡ, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യൻ പൂക്കള്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്നിലുള്ളത്.

ഓണം അടുത്തതോടെ ഇത്തവണ വിദേശ വിപണികളിലേക്ക് ഓണപ്പൂക്കള്‍ കൂടുതല്‍ കയറ്റി അയക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികള്‍. പലരും ഓർഡറുകള്‍ ഇതിനോടകം നേടിയിട്ടുണ്ട്.ഇതില്‍ യുഎസിലേക്കുള്ള കയറ്റുമതി പിഴച്ചുങ്കം നിലവില്‍ വന്നതോടെ ആശങ്കയിലാണ്. മറ്റ് വിപണി കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികള്‍. പ്രധാന ദിവസങ്ങളിലെല്ലാം ആവശ്യത്തിന് പൂക്കള്‍ എത്തിക്കുമെന്നും കയറ്റുമതിക്കാർ അറിയിച്ചു.

കേരളം നാലാമത്
പൂക്കളുടെ കയറ്റുമതിയില്‍ നാലാം സ്ഥാനത്താണ് കേരളം. കർണാടകയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തികവർഷം 2,964.03 ടണ്‍ പൂക്കളായിരുന്നു കേരളം വഴി കയറ്റുമതി ചെയ്തത്.

ഇതിന്റെ മൂല്യം 88.19 കോടി രൂപ വരും. 2023-24 സാമ്പത്തിക വർഷമിത് 2,194.09 ടണ്‍ പൂക്കളുടെ കയറ്റുമതിയിലൂടെ 59.94 കോടി രൂപയായിരുന്നു.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതു മാത്രമല്ല മറ്റ് സ്ഥലങ്ങളില്‍നിന്ന് ഉത്പാദിപ്പിച്ചവയും കേരളം വഴി കടല്‍കടക്കുന്നുണ്ട്. സംസ്ഥാനത്തെ കയറ്റുമതി കൂടുതലും കൊച്ചി വിമാനത്താവളം വഴിയാണ്.
226.37 കോടി രൂപയുടെ കയറ്റുമതിയുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.

തമിഴ്നാട് (193.30 കോടി രൂപ), ബംഗാള്‍ (117.64 കോടി രൂപ) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയില്‍നിന്ന് വിമാനമാർഗമാണ് ഭൂരിഭാഗം പൂക്കളും കയറ്റി അയക്കുന്നത്.

X
Top