
ന്യൂഡൽഹി: കഴിഞ്ഞയാഴ്‌ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 8710 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.
ഇതോടെ ജൂണില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ അറ്റവില്‍പ്പന 4192 കോടി രൂപയായി കുറഞ്ഞു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 3049.88 കോടി രൂപയുടെ വില്‍പ്പനയാണ് കഴിഞ്ഞയാഴ്‌ച നടത്തിയത്.
ഈ മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിപണിയോടുള്ള സമീപനത്തില്‍ അസ്ഥിരത പ്രകടമാണ്. ഇനി ആറ് വ്യാപാര ദിനങ്ങള്‍ കൂടി ഈ മാസം ശേഷിക്കുന്നുണ്ട്.
മെയ് മാസത്തില്‍ 19,860 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയതിനു ശേഷമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണില്‍ വീണ്ടും വില്‍പ്പന തുടങ്ങിയത്.
ജൂണില്‍ ഇതുവരെ നിഫ്‌റ്റി 1.29 ശതമാനം ഉയരുകയാണ് ചെയ്‌തത്. ഓഹരി വിപണിയില്‍ രണ്ടു മാസത്തെ തുടര്‍ച്ചയായ അറ്റനിക്ഷേപത്തിനുശേഷമാണ് ജൂണില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനയിലേക്ക് തിരിഞ്ഞത്.
ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
അതേ സമയം ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു. മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.