Alt Image
എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆

ഫോഴ്‌സ് ട്രാവലർ ഇലക്ട്രിക് വരുന്നു

ഫോഴ്‌സിന്റെ പ്രശസ്തമായ ട്രാവലര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഇലക്ട്രിക്ക് വാഹനങ്ങള്‍ 2027 ആദ്യ പാദത്തില്‍ വിപണിയിലിറക്കും. ഇലക്ട്രിക്ക് ആംബുലന്‍സായിരിക്കും ആദ്യഘട്ടത്തില്‍ പുറത്തിറക്കുക എന്നാണ് റിപ്പർട്ടുകൾ.

ട്രാവലര്‍ ഇവികളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും സര്‍ക്കാരിന്റെ ഓട്ടമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ(എആര്‍എഐ) അന്തിമ പരിശോധനകള്‍ക്കും ഹോമോലോഗേഷന്‍ നടപടികള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഫോഴ്‌സ് മോട്ടോഴ്‌സ് എംഡി പ്രസന്‍ ഫിറോദിയ പറഞ്ഞു.

2024ലെ ഓട്ടോ എക്‌സ്‌പോയില്‍ ഫോഴ്‌സ് മോട്ടോഴ്‌സ് ട്രാവലറിന്റെ ഇവി പ്രദര്‍ശിപ്പിച്ചിരുന്നു. മറ്റു വാഹന പ്ലാറ്റ്‌ഫോമുകളിലേക്ക് ഇലക്ട്രിഫിക്കേഷന്‍ വിപുലീകരിക്കുന്നതിന് മുന്‍പായി ട്രാവലര്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ വൈവിധ്യമാര്‍ന്ന ഇവികള്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രീമിയം പാസഞ്ചര്‍ വാഹനമായ അര്‍ബാനിയയുടെ ഇവി പതിപ്പും ഒരുങ്ങുന്നുണ്ടെന്നും ഈ മോഡലിന്റേയും ഹോമോലോഗേഷന്‍ നടപടികളിലേക്ക് കടക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി സമയമെടുക്കുമെന്നും ഫിറോദിയ അറിയിച്ചു.

പാസഞ്ചര്‍ കാറുകളിലോ ഇരുചക്ര-മുച്ചക്ര വിഭാഗങ്ങളിലോ കണ്ടതുപോലെ വളരെ വേഗത്തിലുള്ള ഇവിയിലേക്കുള്ള മാറ്റം ഏഴു മീറ്ററില്‍ താഴെ വലിപ്പമുള്ള പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ ഉടന്‍ ഉണ്ടാവില്ലെന്നാണ് ഫോഴ്‌സിന്റെ കണക്കുകൂട്ടല്‍.

ഡ്രൈവിങ് റേഞ്ചിലെ പരിമിതികളും കൃത്യമായ ചാര്‍ജിങ് പശ്ചാത്തല സൗകര്യങ്ങളുടെ ലഭ്യത കുറവുമാണ് പ്രധാന വെല്ലുവിളികള്‍. അപ്പോഴും കൃത്യമായ യാത്രാദൂരമുള്ള സ്‌കൂള്‍ബസുകളിലും മറ്റുമായിരിക്കും ഇവികള്‍ ആധ്യം സജീവമാവുകയെന്നും ഫോഴ്‌സ് കണക്കുകൂട്ടുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, ജീവനക്കാരുടെ ഗതാഗതം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളാണ് ട്രാവലര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുക. ആംബുലന്‍സ്, സ്‌കൂള്‍ ബസ്, പൊലീസ് വാന്‍, ഡെലിവറി വാഹനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

വാഹനങ്ങളുടെ നിര്‍മാണ ശേഷി വര്‍ധിപ്പിക്കല്‍, എന്‍ജിനീയറിങ്, ഇലക്ട്രിഫിക്കേഷന്‍, ഹൈബ്രിഡ് ഡ്രൈവ് ലൈന്‍ സാങ്കേതികവിദ്യ, ഡിജിറ്റൈസേഷന്‍ എന്നിവക്കായി ഫോഴ്‌സ് മോട്ടോഴ്‌സ് 3,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നുണ്ട്. ഉത്പാദനം പ്രതിവര്‍ഷം 85000 വാഹനങ്ങളായി ഉയര്‍ത്താനാണ് ഫോഴ്‌സിന്റെ ലക്ഷ്യം.

X
Top