Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

ഒക്ടോബറിലെ ഇവി രജിസ്ട്രേഷനിൽ 75% വർധനവ്

  • ഇവി രജിസ്ട്രേഷൻ തൊട്ടുമുൻ വർഷത്തെ 20,979 യൂണിറ്റുകളിൽ നിന്ന് 36,646 യൂണിറ്റുകളായി ഉയർന്നു

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ മൊത്തത്തിലുള്ള പാസഞ്ചർ വാഹന വിപണി 14.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴും, ഇലക്ട്രിക് പാസഞ്ചർ വാഹന രജിസ്ട്രേഷൻ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 75 ശതമാനം വർധനവാണ് കാണിക്കുന്നത്. സാധാരണ ഇന്ധന വാഹനങ്ങളുടെ വിൽപ്പനയിലുണ്ടായ ഇടിവ് പരിഹരിക്കാൻ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ നിർമാതാക്കളെ ഇലക്ട്രിക് വാഹനങ്ങൾ സഹായിച്ചു.

മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ ജാറ്റോ ഡൈനാമിക്‌സിന്റെ കണക്കുകൾ പ്രകാരം, പാസഞ്ചർ വാഹന രജിസ്ട്രേഷൻ കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 5,87,103 യൂണിറ്റുകളിൽ നിന്ന് 2026 ഒക്ടോബറിൽ 5,01,406 യൂണിറ്റുകളായി കുറഞ്ഞു. എന്നാൽ ഇ.വി രജിസ്ട്രേഷൻ തൊട്ടുമുമ്പത്തെ വർഷത്തെ 20,979 യൂണിറ്റുകളിൽ നിന്ന് 74.7 ശതമാനം വർധിച്ച് 36,646 യൂണിറ്റുകളിലെത്തി.

അതേസമയം, ആന്തരിക ദഹന എൻജിൻ (ICE) ഉള്ള സാധാരണ വാഹനങ്ങളുടെ രജിസ്ട്രേഷൻ 17.9 ശതമാനം ഇടിഞ്ഞ് 4,64,760 യൂണിറ്റുകളായി കുറഞ്ഞു.

തൊട്ടുമുമ്പത്തെ വർഷം പാസഞ്ചർ വാഹന വിപണിയിൽ ഇ.വികളുടെ പങ്കാളിത്തം 3.6 ശതമാനമായിരുന്നത് ഇത്തവണ ഏകദേശം ഇരട്ടിച്ച് 7.3 ശതമാനമായി ഉയർന്നു. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര എന്നിവയിലാണ് ഈ വ്യത്യാസം പ്രകടമായി കണ്ടത്. ഒക്ടോബറിൽ ടാറ്റ രജിസ്റ്റർ ചെയ്ത അഞ്ചിൽ ഒരു പാസഞ്ചർ വാഹനം ഇലക്ട്രിക് ആയിരുന്നു.

കമ്പനിയുടെ ഇ.വി രജിസ്ട്രേഷൻ കഴിഞ്ഞ വർഷത്തെ 8,259 യൂണിറ്റുകളിൽ നിന്ന് 76.3 ശതമാനം വർധിച്ച് 14,560 യൂണിറ്റുകളിലെത്തി. കഴിഞ്ഞ വർഷം ഇത് മൊത്തം രജിസ്ട്രേഷന്‍റെ 10.4 ശതമാനമായിരുന്നെങ്കിൽ ഇത്തവണ അത് 20.2 ശതമാനമായി ഉയർന്നു.

എന്നാൽ, ടാറ്റയുടെ സാധാരണ വാഹന രജിസ്ട്രേഷൻ 18.7 ശതമാനം ഇടിഞ്ഞ് 57,693 യൂനിറ്റുകളാകുകയും, മൊത്തം രജിസ്ട്രേഷൻ 8.8 ശതമാനം കുറഞ്ഞ് 72,253 യൂനിറ്റുകളാവുകയും ചെയ്തു. സമാനമായ പ്രവണത മഹീന്ദ്രയിലും ദൃശ്യമായിരുന്നു.

മഹീന്ദ്രയുടെ ഇ.വി രജിസ്ട്രേഷൻ 4,599 യൂണിറ്റുകളിൽ നിന്ന് 84.2 ശതമാനം ഉയർന്ന് 8,473 യൂണിറ്റുകളിലെത്തി. കമ്പനിയുടെ രജിസ്ട്രേഷന്റെ 13.2 ശതമാനവും (ഏകദേശം എട്ടിൽ ഒരു വാഹനം) ഇലക്ട്രിക് മോഡലുകളായിരുന്നു.

കഴിഞ്ഞ വർഷം ഇത് 6.3 ശതമാനമായിരുന്നു. മഹീന്ദ്രയുടെ ഐ.സി.ഇ വാഹന രജിസ്ട്രേഷൻ 19.1 ശതമാനം കുറഞ്ഞപ്പോൾ, മൊത്തം രജിസ്ട്രേഷൻ 12.6 ശതമാനം ഇടിഞ്ഞ് 64,063 യൂനിറ്റുകളായി.

X
Top