
കൊൽക്കത്ത: ഒഡീഷയ്ക്കു സമീപമുള്ള മഹാനദി ബേസിനിൽ നിന്ന് പ്രകൃതിവാതക ശേഖരണത്തിനും അത് ആഴക്കടലിൽ തന്നെ ദ്രവീകരിക്കാനും കഴിയുന്ന പദ്ധതി നടപ്പാക്കാൻ കേന്ദ്രം. 100 കോടി ഡോളർ (ഏകദേശം 9500 കോടി രൂപ) ചെലവ് വരുന്നതാണു പദ്ധതി. ഒഎൻജിസിയും ബ്രിട്ടിഷ് പെട്രോളിയവും റിലയൻസ് ഇൻഡസ്ട്രീസും ബേസിൻ സംയുക്തമായി വികസിപ്പിച്ച് പൊതുവായി ഉപയോഗിച്ചേക്കും.
കേന്ദ്ര പെട്രോളിയം മന്ത്രാലയം മുന്നോട്ടുവച്ച ഈ നിർദേശത്തെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതിയെ ഉടനെ നിയമിച്ചേക്കും.
ആഴക്കടലിൽ കണ്ടെത്തുന്ന എണ്ണയും പ്രകൃതിവാതകവും ലാഭകരമായി വാണിജ്യ ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ നിർദേശവുമായി മുന്നോട്ടുവന്നിട്ടുള്ളത്.
ഇത് യാഥാർഥ്യമാവുകയാണെങ്കിൽ മൂന്നു കമ്പനികൾക്കും ഈ സംവിധാനം പ്രത്യേകമായി നിർമിക്കുന്നതിന് ചെലവഴിക്കുന്ന നിക്ഷേപം ലാഭിക്കാൻ കഴിയും. പൊതുവായി ഉപയോഗിക്കുന്നതു വഴി അവയുടെ പ്രവർത്തനമികവ് കൂടുകയും സാമ്പത്തികമായി വിജയമാവുകയും ചെയ്യും.
ആഴക്കടൽ പ്രവർത്തനത്തിനുള്ള സംവിധാനം വളരെ സങ്കീർണവും ചെലവേറിയതുമാണ്. അതിനാൽ, ഓരോ കമ്പനിയും സംവിധാനം പ്രത്യേകം വികസിപ്പിച്ചാൽ, അവരുടെ പ്രവർത്തനം നഷ്ടത്തിൽ കലാശിക്കാൻ സാധ്യതയേറെയാണ്.






