Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

ഒക്ടോബറിൽ വാഹന റീട്ടെയിൽ വിൽപ്പനയിൽ 23.8 ശതമാനം ഇടിവ്; നവംബറിൽ ഉത്സവകാല വിൽപ്പനയിൽ പ്രതീക്ഷയർപ്പിച്ച് ഡീലർമാർ

ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പനയിൽ ഒക്ടോബറിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ 31,72,466 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്‌തത്.

2025 ഒക്ടോബറിൽ ഇത് 41,63,555 ആയിരുന്നു. എന്നാൽ സെപ്റ്റംബറിനെ അപേക്ഷിച്ച് വിൽപ്പനയിൽ 25.05 ശതമാനം വർധനയുണ്ടായി. ഒക്ടോബറിലെ വിൽപ്പന എക്കാലത്തെയും മികച്ച രണ്ടാമത്തെ ഒക്ടോബർ പ്രകടനമാണ്.

കഴിഞ്ഞ വർഷം നവരാത്രിയും ദീപാവലിയും ഒക്ടോബറിൽ ഒരുമിച്ചെത്തിയതും ജിഎസ്‌ടി നിരക്കിളവിനെത്തുടർന്നുണ്ടായ അധിക ഡിമാൻഡും ഉയർന്ന അടിസ്ഥാനമായി മാറിയതാണ് ഇത്തവണത്തെ വാർഷിക ഇടിവിന് പ്രധാന കാരണമെന്ന് ഫാഡ വിലയിരുത്തി.

ഇരുചക്ര വാഹന വിൽപ്പന 28.35 ശതമാനവും പാസഞ്ചർ വാഹന വിൽപ്പന 14.23 ശതമാനവും കുറഞ്ഞു. അതേസമയം വാണിജ്യ വാഹനങ്ങൾ 2.29 ശതമാനം, മുച്ചക്ര വാഹനങ്ങൾ 3.97 ശതമാനം, ട്രാക്ടറുകൾ 3.10 ശതമാനം, നിർമാണ ഉപകരണങ്ങൾ 22.07 ശതമാനം എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി.

ഇലക്ട്രിക് വാഹന വിൽപ്പന എക്കാലത്തെയും ഉയർന്ന നിരക്കായ 3.55 ലക്ഷം യൂണിറ്റിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 44.88 ശതമാനമാണ് വർധന. മൊത്തം വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് 6 ശതമാനത്തിൽനിന്ന് 11.5 ശതമാനമായി ഉയർന്നു.

നവംബറിൽ ധൻതേരസും ദീപാവലിയും വരുന്നതിനാൽ വാഹന വിപണിയിൽ കൂടുതൽ ഉണർവുണ്ടാകുമെന്നാണ് ഡീലർമാരുടെ പ്രതീക്ഷ. നവംബറിൽ വിൽപ്പന വളർച്ചയുണ്ടാകുമെന്ന് 51.65 ശതമാനം ഡീലർമാർ അഭിപ്രായപ്പെട്ടതായി ഫാഡയുടെ സർവേ വ്യക്തമാക്കുന്നു.

X
Top