
2030 ഒക്ടോബര്‍ ഒന്നു മുതല്‍ നിരത്തിലിറങ്ങുന്ന പുതിയ യാത്രാ കാറുകള്‍ക്ക് ഓട്ടമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്(എഇബി) നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച കരട് ചട്ടങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു.
കരടു വിജ്ഞാപനത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ പൊതു ജനങ്ങള്‍ക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിലവില്‍ വിപണിയിലുള്ള കാറുകള്‍ക്ക് ഈ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ രണ്ടു വര്‍ഷം അധിക സാവകാശം ലഭിക്കും. പുതിയ തീരുമാനം നടപ്പാവുന്നതോടെ എഇബി ചെറുകാറുകളിലും അടിസ്ഥാന വകഭേദങ്ങളിലും ലഭ്യമായി തുടങ്ങും.
എന്താണ് എഇബി?
വാഹനം ഓടിക്കുമ്പോള്‍ മുന്നിലെ റോഡ് കൃത്യമായി നിരീക്ഷിക്കുകയും തൊട്ടു മുന്നിലെ തടസത്തില്‍ തട്ടി അപകടമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ ഡ്രൈവര്‍ പ്രതികരിക്കുന്നതിനു മുന്‍പേ സ്വയം ബ്രേക്ക് ചവിട്ടുന്ന സുരക്ഷാ സാങ്കേതികവിദ്യയാണിത്.
വാഹനത്തിന്റെ വേഗതയും എഇബി സംവിധാനത്തിന്റെ കാര്യക്ഷമതയും അനുസരിച്ച് അപകടം പൂര്‍ണമായി ഒഴിവാക്കാനോ പ്രത്യാഘാതം കുറക്കാനോ ഇതുവഴി സാധിക്കും. അതേസമയം ഈ സംവിധാനം വാഹനത്തെ ഡ്രൈവര്‍ ആവശ്യമില്ലാത്ത ഒന്നാക്കി മാറ്റുന്നുമില്ല.
ക്യാമറയും റഡാറും സെന്‍സറുകളും ചേര്‍ന്നുള്ള സംവിധാനമാണിത്. സെന്‍സറുകള്‍, അവയിലെ സോഫ്റ്റ്‌വെയര്‍ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാവും ഈ സംവിധാനത്തിന്റെ കൃത്യതയും വിലയുമെല്ലാം തീരുമാനിക്കപ്പെടുക.
ഇന്ത്യയിലെ റോഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ രീതിയില്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഈ സംവിധാനത്തെ മാറ്റിയെടുക്കേണ്ടി വരികയും ചെയ്യും. ഇല്ലെങ്കില്‍ സുരക്ഷക്കായുള്ള ഈ സംവിധാനം പെട്ടെന്ന് ബ്രേക്കിടാനും പിന്നിലുള്ള വാഹനം വന്നിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനും ഇടയുണ്ട്.
അഡാസ് സുരക്ഷാ ഫീച്ചറുകളുടെ ഭാഗമായാണ് നിലവില്‍ എഇബി വാഹന നിര്‍മാതാക്കള്‍ പൊതുവേ അവതരിപ്പിക്കുന്നത്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ കീപ്പിങ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് വാണിങ്, ഓട്ടമാറ്റിക് ലൈന്‍ ചേഞ്ച് എന്നിവയെല്ലാം അഡാസിന്റെ ഭാഗമായുള്ള ഫീച്ചറുകളാണ്. എന്നാല്‍ അഡാസ് പൂര്‍ണമായും നടപ്പാക്കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല.
മാറ്റം ബജറ്റ് കാറുകളില്‍
നിലവില്‍ വിപണിയിലുള്ള പ്രീമിയം കാറുകളില്‍ എഇബി സ്വാഭാവികമായും ലഭ്യമാവുന്ന ഫീച്ചറാണ്. ഉയര്‍ന്ന വകഭേദങ്ങളിലോ സമ്പൂര്‍ണ അഡാസ് പാക്കേജിനൊപ്പമോ ആയിരിക്കും ഇത് നല്‍കുക. കുറഞ്ഞ വിലയിലുള്ള അടിസ്ഥാന വകഭേദങ്ങള്‍ വാങ്ങുന്നവര്‍ക്ക് എയര്‍ബാഗുകള്‍, ഇഎസ്സി, എബിഎസ് എന്നിവ ലഭിക്കുമെങ്കിലും സ്വയം പ്രവര്‍ത്തിക്കുന്ന ബ്രേക്കിങ് സംവിധാനം ലഭ്യമാക്കാറില്ല.
പുതിയ നിയമം നിലവില്‍ വരുന്നതോടെ എഇബി ടോപ് വേരിയന്റുകളില്‍ നിന്നും ബജറ്റ് മോഡലുകളിലേക്ക് ഇറങ്ങി വരും. ക്യാമറകള്‍, നിയന്ത്രണ സംവിധാനങ്ങള്‍, വയറിങ്, സെന്‍സറുകള്‍, സോഫ്റ്റ്‌വെയര്‍, സംവിധാനത്തിന്റെ സുരക്ഷാ പരിശോധന എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു സാമ്പത്തിക ബാധ്യത ഈ സംവിധാനത്തിനുണ്ട്.
ബജറ്റ് കാറുകള്‍ പൊതുവില്‍ വളരെ കുറഞ്ഞ ലാഭവിഹിതത്തിലാണ് വില്‍ക്കാറ്. അതിനാല്‍ നിര്‍മാണച്ചിലവ് കുറക്കാനായി എഇബി സംവിധാനത്തിന്റെ സാങ്കേതികവിദ്യ ഒന്നിലേറെ മോഡലുകളിലേക്ക് പങ്കിടാനോ കാര്‍ നിര്‍മാതാക്കള്‍ക്കിടയില്‍ പങ്കുവെക്കാനോ ഉള്ള സാധ്യത തള്ളാനാവില്ല.
ഫോര്‍വേഡ് കൊളീഷന്‍ വാണിങ് അപകട മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ എഇബി സ്വയം ബ്രേക്ക് ഇട്ട് അപകടം ഒഴിവാക്കാന്‍ ശ്രമിക്കും. എഇബി സൗകര്യമുള്ള മോഡലുകളില്‍ അത് പ്രവര്‍ത്തിക്കുന്ന വേഗപരിധിയും തിരിച്ചറിയാനാവുന്ന തടസങ്ങളും വ്യത്യസ്തമായിരിക്കുമെന്നതും ശ്രദ്ധേയമാണ്.
നിലവിലെ മോഡലുകള്‍ക്ക് കൂടുതല്‍ സമയം
പുതിയ മോഡലുകള്‍ക്കാണ് 2030 ഒക്ടോബര്‍ എന്ന സമയപരിധി നല്‍കിയിട്ടുള്ളത്. നിലവില്‍ ഉത്പാദനത്തിലുള്ള മോഡലുകള്‍ക്ക് മാറ്റം വരുത്താന്‍ രണ്ടു വര്‍ഷം അധികം സമയം നല്‍കിയിട്ടുണ്ട്.
അങ്ങനെ വരുമ്പോള്‍ 2032 ഒക്ടോബര്‍ മുതല്‍ പുതിയ എല്ലാ കാറുകള്‍ക്കും ഈ സംവിധാനം നിര്‍ബന്ധമാവും. അതേസമയം 2030ന് മുന്‍പായി വില്‍ക്കുകയോ സ്വന്തമാക്കുകയോ ചെയ്ത കാറുകള്‍ക്ക് എഇബി നിര്‍ബന്ധമല്ല. ഈ ഫീച്ചറില്ലെങ്കില്‍ വാഹനങ്ങള്‍ പൊളിക്കണമെന്ന നിര്‍ദേശവുമില്ല.






