കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യക്ക് ടാറ്റ എന്നാൽ വിശ്വാസം

ടാറ്റ കേവലം ഒരു വ്യവസായ നാമമല്ല. ഒരു ബ്രാൻഡുമല്ല. ബിസിനസിൽ വിശ്വാസത്തിന് ഇന്ത്യക്കാർ നൽകുന്നൊരു വിശേഷണമാണത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ദേശീയതക്ക് ആ സ്ഥാപനം നൽകിയ സംഭാവന ചെറുതല്ല. ബ്രിട്ടീഷ് ഇന്ത്യയിൽ കരുത്തുറ്റൊരു സ്വദേശി വ്യവസായത്തിന് അവർ അടിത്തറയിട്ടു. ഉപ്പ് മുതൽ സ്റ്റീൽ വരെ, തേയില മുതൽ വിമാന കമ്പനി വരെ, വിദ്യാഭ്യാസം മുതൽ ഹോട്ടൽ വ്യവസായം വരെ- ടാറ്റ കടന്നു ചെല്ലാത്ത മേഖലകൾ കുറവ്. ഇന്ത്യൻ സിവിൽ സർവീസ് പോലെ അഭിമാനകരമായിരുന്നു ടാറ്റ അഡ്മിനിസ്ട്രേറ്റിവ് സർവീസ്.

മൂല്യങ്ങളിലൂന്നിയ ബിസിനസ് പ്രാക്ടീസ് ആയിരുന്നു ആ വ്യവസായ സാമ്രാജ്യം എന്നും പുലർത്തിപ്പോന്നത്. സാമൂഹ്യ സേവനം, കായികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലും അവർ സ്വാധീനം ചെലുത്തി. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ടാറ്റ ഫുട്ബോൾ അക്കാദമി എന്നിവയൊക്കെ ഈ പ്രതിബദ്ധതയിൽ ആരംഭിച്ചതാണ്. എല്ലാം മികവിൽ മുന്നിൽ നിന്നു.

അതിനിടെ രത്തൻ ടാറ്റ തുടക്കമിട്ട ഏറ്റെടുക്കലുകൾ- ജാഗ്വാർ, ലാൻഡ്റോവർ, റേഞ്ച് റോവർ, കോറസ് സ്റ്റീൽ- ടാറ്റക്ക് പുതിയ ആഗോള മേൽവിലാസം നൽകി.
ഇടക്കാലത്ത് ടാറ്റയിലും ചില വിള്ളലുകളുണ്ടായി. ഓഹരിത്തർക്കത്തിൽ കുറേക്കാലം കമ്പനി ഉലഞ്ഞു. ടാറ്റയുടെ സംസ്കാരം ഉൾക്കൊള്ളാത്ത ചിലർ തലപ്പത്തെത്തി. എന്നാൽ ടാറ്റ നേതൃത്വം ഏറെ വൈകാതെ ആ പ്രതിസന്ധി മറികടന്നു. ഇരുണ്ട നാളുകൾ ഏറെ നീണ്ടില്ല.
ടാറ്റയെ പ്രതിസന്ധി കാലത്ത് പോലും ശക്തമാക്കി നിറുത്തിയത് ടാറ്റ കൺസൾട്ടൻസി സർവീസസ് ആയിരുന്നു. അതിനെ ദീർഘകാലം സൂക്ഷ്മതയോടെയും, പക്വതയോടെയും നയിച്ച എൻ ചന്ദ്രശേഖരൻ ടാറ്റ സൺസ് ചെയർമാൻ ആയതോടെ നഷ്ട പ്രതാപം ടാറ്റ വീണ്ടെടുത്തു.

ടിസിഎസ് പുതിയ മുന്നേറ്റത്തിലും മുന്നിൽ നിന്നു. ലോകത്തെ ഏറ്റവും മികച്ച ഐടി സർവീസ് കമ്പനികളിൽ ഒന്നായി മാറി. ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന കമ്പനിയുമായി.
ചന്ദ്രശേഖരൻ ടാറ്റ മോട്ടോഴ്സിലും അഴിച്ചു പണി നടത്തി. പല സെക്റ്ററുകളിലും അവർ പൊടുന്നനെ മുൻ നിരയിലേക്ക് കയറി. ഇലക്ട്രിക്കൽ വെഹിക്കിൾ വിഭാഗത്തിൽ ടാറ്റ ജൈത്ര യാത്ര തുടരുന്നു. ഓഹരി വിപണിയിൽ ടാറ്റ കമ്പനികൾ മുന്നേറുന്നു. ടാറ്റ പവർ വലിയ വളർച്ചയുടെ പാതയിലാണ്.
എയർ ഇന്ത്യയെ ഏറ്റെടുത്ത് മറ്റൊരു ചരിത്രം അവർ കുറിച്ചു. ഇന്ത്യയുടെ അഭിമാനമായ വിമാനക്കമ്പനിക്ക് തുടക്കമിട്ട ടാറ്റയുടെ കൈകളിൽ തന്നെ എയർ ഇന്ത്യ തിരിച്ചെത്തിയത് കാലത്തിന്റെ കാവ്യനീതിയായി.

വ്യവസായ രംഗത്ത് മഹാമേരുവായി വളരുമ്പോഴും സാധാരണ ഇന്ത്യക്കാരന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ടാറ്റാ ഗ്രൂപ്പ് എന്നും മുന്നിൽ നിന്നു. അത്തരമൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരം ആയിരുന്നു ടാറ്റ നാനോ എന്ന ‘അത്ഭുത’ വാഹനം. നാനോ എന്ന കാര്‍ ലോകത്തിന് മുഴുവൻ ഒരു വിസ്മയമായിരുന്നു. ജനങ്ങളുടെ കാർ എന്ന കാഴ്ചപ്പാടിൽനിന്നായിരുന്ന നാനോയുടെ പിറവി. ടാറ്റയുടെ വർഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായി 2008 ലെ ഡല്‍ഹി ഓട്ടോ എക്സ്‍പോ വേദിയിലാണ് നാനോയുടെ അരങ്ങേറ്റം കുറിച്ചത്. ഏറ്റവും വിലക്കുറവുള്ള കാര്‍ , സാധാരണക്കാരന്റെ കാര്‍ തുടങ്ങിയ വിശേഷണങ്ങളുമായി എത്തിയ നാനോക്ക് പക്ഷേ ഒടുവില്‍ വിപണിയിൽ നിന്ന് പിന്മാറേണ്ടി വന്നു.

ഇ കൊമേഴ്‌സ് സ്റ്റാർട്ടപ്പുകളായ ബിഗ് ബാസ്കറ്റ്, വൺ എംജി എന്നിവയെ അടുത്തിടെ ടാറ്റ ഏറ്റെടുത്തു. ചെറുതും വലുതുമായ നിരവധി ഏറ്റെടുക്കലുകൾ തുടരുന്നു. സമഗ്ര റീട്ടെയിൽ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്നു.
ഒടുവിൽ ടാറ്റ അതിന്റെ പ്രതാപകാലത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ ഈ വളർച്ചാ കാലത്ത് ടാറ്റായുടെ പിൻബലം ഇന്ത്യയുടെ കുതിപ്പിന് കൂടുതൽ കരുത്ത് പകരുന്നു.

X
Top