പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

പശ്ചിമേഷ്യ സംഘർഷത്തിനിടയിലും കുതിച്ച് രാജ്യത്തെ കാർ വിൽപ്പന

ബെംഗളൂരു: പശ്ചിമേഷ്യ സംഘർഷങ്ങൾക്കിടയിലും കുതിച്ചുയർന്ന് രാജ്യത്തെ യാത്രാ വാഹന (പാസഞ്ചർ വെഹിക്കിൾ) വിൽപ്പന. ഏപ്രിൽ മാസത്തിൽ വിൽപ്പന 27 ശതമാനം വർധിച്ച് ഏകദേശം 450,000 യൂണിറ്റിലെത്തി.

കഴിഞ്ഞ വർഷം ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് വെട്ടിക്കുറച്ചതിലൂടെ വർധിച്ച സ്ഥിരമായ ഡിമാൻഡിന്റെ പിൻബലത്തിലാണ് വിൽപ്പന ഉയർന്നതെന്നാണ് വിലയിരുത്തൽ. എസ്.യുവികളുടെ ഡിമാൻഡ് മാറ്റമില്ലാതെ തുടരുന്നതും ഗ്രാമീണ വിപണിയിലെ ഉണർവും മുന്നേറ്റത്തിന് പിന്നിലുണ്ട്.

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മുൻ വർഷത്തെ അപേക്ഷിച്ച് 35.3 ശതമാനം വർദ്ധനയോടെ, പ്രതിമാസ ആഭ്യന്തര വിൽപനയിൽ ഏറ്റവും ഉയർന്ന നിരക്കായ 187,704 യൂണിറ്റ് രേഖപ്പെടുത്തി.

ജിഎസ്ടി 2.0, കഴിഞ്ഞ വർഷത്തെ ബജറ്റിൽ നൽകിയ ആദായ നികുതി ഇളവുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് കുറയ്ക്കൽ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ കാറുകളുടെ വൻ ഡിമാൻഡിന് പിന്നിലുണ്ടെന്ന് മാരുതി സുസുക്കി സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) പാർത്ഥോ ബാനർജി പറഞ്ഞു.

അനുകൂല ഘടകങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം വളാതിരിക്കില്ലെന്ന് ബാനർജി കൂട്ടിച്ചേർത്തു. എന്നാൽ പശ്ചിമേഷ്യ സംഘർഷം കാരണം ഇന്ധന വിലയിൽ ഉണ്ടാകുന്ന വർധന എൻട്രി ലെവൽ കാറുകളുടെ ഡിമാൻഡിനെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗ്രാമീണ വിപണികളുടെ വർധിച്ചുവരുന്ന പ്രാധാന്യവും യാത്രാവാഹന വിൽപ്പന കൂടിയതിന് പിന്നിലുണ്ട്. ഏപ്രിലിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപനയിൽ ഗ്രാമീണ വിപണിയുടെ സ്വാധീനം 52.3 ശതമാനമായി വർധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചെറിയ പട്ടണങ്ങളിൽ കമ്പനി റീട്ടെയിൽ ശൃംഖല വിപുലീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാരുതി സുസുക്കിയുടെ SUVകളും വിപണിയിൽ ശക്തമായ മുന്നേറ്റം തുടർന്നു. ഏപ്രിലിൽ ഏകദേശം 55,000 യൂണിറ്റുകളുടെ വിൽപ്പനയയാണ് ഉണ്ടായത്.

മറ്റ് വാഹന നിർമാതാക്കളിൽ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ഏപ്രിലിൽ 59,000 യൂണിറ്റുകളായി ആഭ്യന്തര പിവി വിൽപ്പനയിൽ കുത്തനെ വർധന രേഖപ്പെടുത്തി. മുൻ വർഷം ഇത് 45,199 യൂണിറ്റായിരുന്നു. ഇത് 30.5 ശതമാനം വർധനവും ശക്തമായ തിരിച്ചുവരവുമാണ് കാണിക്കുന്നത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര 56,331 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. 52,330 യൂണിറ്റുകളിൽ നിന്ന് 7.6 ശതമാനം വർധനയാണ് കമ്പനിക്കുണ്ടായത്.

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിൽപ്പന 17 ശതമാനം വർധിച്ച് 51,902 യൂണിറ്റിലെത്തി. മുൻ വർഷം ഇത് 44,374 യൂണിറ്റായിരുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ 30,159 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. 24,833 യൂണിറ്റുകളിൽ നിന്ന് 21.4 ശതമാനം വർധനയാണ് ഉണ്ടായത്.

കിയ ഇന്ത്യയുടെ വിൽപ്പന 15.5 ശതമാനം വർധിച്ച് 27,286 യൂണിറ്റിലെത്തി. കഴിഞ്ഞ ഏപ്രിലിൽ 23,623 യൂണിറ്റായിരുന്നു വിൽപ്പന.

X
Top