മുംബൈ: ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം നിരുത്സാഹപ്പെടുത്താൻ നടപടികളുമായി സർക്കാർ.
നികുതി വർധന, സ്രോതസിൽ നിന്ന് നികുതി ഈടാക്കൽ (ടിഡിഎസ്)എന്നിവ ഉൾപ്പടെയുള്ളവയാണ് പരിഗണിക്കുന്നത്. വരാനിരിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.
നിലവിൽ ബിസിനസ് വരുമാനമായി കണക്കാക്കിയാണ് എഫ്ആൻഡ്ഒയിൽ നികുതി ഈടാക്കുന്നത്. ഊഹക്കച്ചവടമായി പരിഗണിച്ചാകും വ്യവസ്ഥകൾ പുതുക്കുക. ഇതോടെ ക്രിപ്റ്റോ ഇടപാടുകൾക്ക് സമാനമായ വ്യവസ്ഥകൾ ബാധകമാകും.
ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് വിഭാഗത്തിലെ നേട്ടം ബിസിനിസ് വരുമാനമായി കണക്കാക്കുന്നതിനാൽ മറ്റേതെങ്കിലും ബിസിനസുകളിലെ ലാഭത്തിൽ കിഴിവ് ചെയ്തശേഷമുള്ള നേട്ടത്തിന് നിലവിൽ നികുതി അടച്ചാൽ മതി.
ഊഹക്കച്ചവടത്തിലേക്ക് മാറ്റിയാൽ എഫ്ആൻഡ്ഒ ട്രേഡിങിൽ നിന്നുള്ള നഷ്ടത്തിൽ നിന്നു മാത്രമേ കഴിവ് ചെയ്യാൻ കഴിയൂ. ക്രിപ്റ്റോ ഇടപാടുകൾക്ക് സമാനമായ വ്യവസ്ഥ കൊണ്ടുവന്നാൽ നേട്ടത്തിന് 30 ശതമാനം നികുതിയും ബാധകമാകും.
ഡെറിവേറ്റീവ് മാർക്കറ്റിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം കൂടിവരുന്ന സാഹചര്യത്തിൽ സെബിയും കേന്ദ്ര സർക്കാരും ആശങ്കാകുലരാണ്. ഗാർഹിക സാമ്പത്തിക സ്ഥിതിയെപോലും ബാധിക്കുന്ന സാഹചര്യമുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എഫ്ആൻഡ്ഒ വിഭാഗത്തിലെ ഉയർന്ന വ്യാപാരം സെബിയോട് ചേർന്ന് റിസർവ് ബാങ്കും നിരീക്ഷിച്ചുവരികയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.
ആവശ്യമെങ്കിൽ സെബിയുടെ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്ആൻഡ്ഒ വിഭാഗത്തിൽ ഇടപാട് നടത്തുന്ന 90 ശതമാനം പേർക്കും പണം നഷ്ടമാകുന്നുവെന്ന് സെബി നേരത്തെ നിരീക്ഷിച്ചിരുന്നു.