
കൊച്ചി: ചെലവ് നിയന്ത്രണാതീതമായി കൂടുകയും അനുപാതികമായി വരുമാനം ഉയരാതിരിക്കുകയും ചെയ്‌തതോടെ സംസ്ഥാനങ്ങളുടെ ധനക്കമ്മി പിടിവിട്ട് കുതിക്കുന്നു. നടപ്പു സാമ്പത്തിക വർഷം (2022-23) സംസ്ഥാനങ്ങളുടെ ബഡ്‌ജറ്റ് ചെലവ് 2021-22നേക്കാൾ 36 ശതമാനം കൂടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അസാം ഒഴികെയുള്ള 27 വലിയ (മേജർ) സംസ്ഥാനങ്ങൾ ചേർന്ന് നടപ്പുവർഷം ബഡ്‌ജറ്റ് ചെലവ് ലക്ഷ്യമിടുന്നത് കഴിഞ്ഞവർഷത്തേക്കാൾ 35.8 ശതമാനം വളർച്ചയോടെ 6.8 ലക്ഷം കോടി രൂപയാണ്. 2021-22ൽ ഇത് അഞ്ചുലക്ഷം കോടി രൂപയായിരുന്നു. മുൻവർഷത്തേക്കാൾ വർദ്ധിച്ച 1.8 ലക്ഷം കോടി രൂപയിൽ 72 ശതമാനത്തിനും ഉത്തരവാദികൾ ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, ഹരിയാന എന്നിവയാണെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്ര അഭിപ്രായപ്പെട്ടു.
കൊവിഡിന് മുമ്പ് 2019-20ൽ മേജർ സംസ്ഥാനങ്ങളുടെ ബഡ്‌ജറ്റ് ചെലവ് 3.7 ലക്ഷം കോടി രൂപയായിരുന്നു. 2021-22ലെ വർദ്ധനയ്ക്ക് പിന്നിൽ ബീഹാർ, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, തെലങ്കാന, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവയായിരുന്നു.
വലയ്ക്കുന്ന കണക്കുകൾ
കൊവിഡിൽ ആരോഗ്യരംഗത്തുൾപ്പെടെ സംസ്ഥാനങ്ങൾക്ക് വൻതോതിൽ ചെലവ് നടത്തേണ്ടിവന്നിരുന്നു. ഇക്കാലയളവിൽ വരുമാനമാർഗങ്ങൾ ഇടിഞ്ഞതും തിരിച്ചടിയായി. വലിയ സംസ്ഥാനങ്ങൾക്ക് സംയോജിതമായി നടപ്പുവർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 8.4 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷങ്ങളിലെ കണക്ക്:
2019-20 : ₹4.8 ലക്ഷം കോടി
2020-21 : ₹7.9 ലക്ഷം കോടി
2021-22 : ₹6.3 ലക്ഷം കോടി
2022-23 : ₹8.4 ലക്ഷം കോടി