ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഹോസ്പിറ്റാലിറ്റി മേഖലയില്‍ വനിതകള്‍ക്ക് അനന്ത സാധ്യത: കെടിഎം 2024

കൊച്ചി: വനിതാ സംരംഭകര്‍ക്ക് മികച്ച സംരംഭങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിയുന്നതാണ് ആതിഥേയ മേഖലയെന്ന് കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ 12 ാം ലക്കത്തില്‍ പങ്കെടുത്ത വനിതാ സംരംഭകര്‍ അഭിപ്രായപ്പെട്ടു.

വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര-സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ കെടിഎം-2024 ന്‍റെ ഭാഗമായി നടന്ന ‘ടൂറിസത്തിലെ വനിതാ സംരംഭകത്വ യാത്ര’ എന്ന സെഷനില്‍ സംസാരിക്കവേയാണ് വ്യവസായ മികവ് കൈവരിച്ച സ്ത്രീകള്‍ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്. ഏറെ പ്രയാസങ്ങളില്ലാതെ തന്നെ സ്ത്രീകള്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതാണ് ഹോസ്പിറ്റാലിറ്റി മേഖലയെന്ന് അവര്‍ പറഞ്ഞു.

ആതിഥേയ മേഖലയുടെ ഇന്നത്തെ മാറ്റത്തിന് പിന്നില്‍ വനിതാ സംരംഭകരുടെ പങ്ക് നിസ്തുലമാണെന്ന്  ശ്രീ ചിത്ര ആയുര്‍വേദ അക്കാദമി സ്ഥാപക ഡോ. പ്രതിഭ മധുസൂദനന്‍ പറഞ്ഞു. പൗരാണിക അറിവുകളും ആധുനിക ഹോസ്പിറ്റാലിറ്റിയും സംയോജിപ്പിച്ച് കേരളത്തിലെ സാംസ്കാരികവും സാമൂഹികവുമായ അനുഭവങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് സമ്മാനിക്കാന്‍ ഈ മേഖലയിലെ വനിതാ ആയുര്‍വേദ സംരംഭകര്‍ക്ക് സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇതിനായി വെല്‍നസ് ടൂറിസത്തിലും മെഡിക്കല്‍ ടൂറിസത്തിലും ശ്രദ്ധപതിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കരിയറും വ്യക്തിജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടു പോകുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്ക് ധാരാളം വെല്ലുവിളികളുണ്ട്. അതേസമയം ടൂറിസം വ്യവസായത്തില്‍ വനിതകള്‍ക്ക് അവസരങ്ങളുടെ മഹാസമുദ്രമാണുള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സുസ്ഥിരത, വെല്‍നെസ്, ഹോസ്പിറ്റാലിറ്റി എന്നിവയില്‍ വനിതാ സംരംഭകര്‍ക്ക് അനന്ത സാധ്യതയുണ്ട്. സ്ഥിരോത്സാഹത്തിനൊപ്പം കുടുംബത്തിന്‍റെ പിന്തുണയും കൂടിയാകുമ്പോള്‍ വിജയം കൈപ്പിടിയിലൊതുക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു.

എല്ലാ പ്രവര്‍ത്തനങ്ങളിലും സുസ്ഥിരമായ രീതികള്‍ സംരംഭകര്‍ സ്വീകരിക്കണമെന്ന് ഫ്രാഗ്രന്‍റ് നേച്ചര്‍ റിസോര്‍ട്സ് ഡയറക്ടര്‍ ആനി സജീവ് പറഞ്ഞു. വനിതാ സംരംഭകര്‍ തങ്ങളുടെ കഴിവില്‍ വിശ്വസിക്കണമെന്നും ജീവിതത്തെ മാറ്റിമറിക്കാന്‍ സംരംഭങ്ങള്‍ക്ക് ശക്തിയുണ്ടെന്നും ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ അവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലുടനീളം ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്ത്രീകളുടെ നേതൃത്വം പ്രകടമാണെന്ന് ആലുവയിലെ പാരഡൈസ് ഹോളിഡേയ്സ് ഡയറക്ടര്‍ ശ്രീദേവി രതീഷ് പറഞ്ഞു. മള്‍ട്ടി ടാസ്കിംഗ്, ടൈം മാനേജ്മെന്‍റ്, സര്‍ഗ്ഗാത്മക ചിന്ത, പ്രചോദനം പിന്തുടരുക എന്നിവ വനിതാ സംരംഭകര്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് അവര്‍ പറഞ്ഞു.

കൃത്യമായ പരിശീലനത്തിന്‍റെ അഭാവം സ്ത്രീ സംരംഭകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. സംരംഭകത്വ അഭിരുചിയും പരാജയങ്ങളെ ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയും വനിതാ സംരംഭകര്‍ക്ക് ഉണ്ടായിരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇന്‍ഫിനിറ്റി ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ നിര്‍മ്മല ലില്ലി മോഡറേറ്ററായിരുന്നു.

X
Top