
മുംബൈ: രാജ്യത്തെ ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പനയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വിപണി വിഹിതം 11 മടങ്ങായാണ് വര്‍ധിച്ചിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 0.71 ശതമാനമായിരുന്ന വിപണി വിഹിതമാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 8.26 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. ജൂലൈ 30ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോകസഭയിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
വാഹന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി പാര്‍ലമെന്റില്‍ കണക്കുകള്‍ നിരത്തിയത്. 2026 ജൂലൈ 26 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ റജിസ്റ്റര്‍ ചെയ്ത വൈദ്യുത വാഹനങ്ങളുടെ എണ്ണം 1,00,23,396 ആയി ഉയര്‍ന്നു. ഇതോടെ ഇന്ത്യയിലെ ഇവി റജിസ്‌ട്രേഷന്‍ ഒരു കോടി എന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു. 2026 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 52,718 പൊതു വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്.
ചാര്‍ജിങ് സൗകര്യങ്ങളുടെ ലഭ്യതയെക്കുറിച്ച് സംസാരിച്ചപ്പോള്‍ സ്വകാര്യ കമ്പനികള്‍ക്കും ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് നിതിന്‍ ഗഡ്ക്കരി അറിയിച്ചു. ഊര്‍ജ്ജ മന്ത്രാലയം 2024 സെപ്തംബറില്‍ പുറപ്പെടുവിച്ച ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിങ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍സ്റ്റലേഷന്‍ ആന്റ് ഓപറേഷന്‍ ഗൈഡ്‌ലൈന്‍സ് -2024 അനുസരിച്ചായിരിക്കണം സ്വകാര്യ ഏജന്‍സികള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാക്കേണ്ടതെന്നും നിതിന്‍ ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ പദ്ധതികള്‍ വഴി ഇവി ചാര്‍ജിങ് സൗകര്യങ്ങള്‍ വിപുലമാക്കാന്‍ ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും നിതിന്‍ ഗഡ്ക്കരി പറഞ്ഞു. ഫെയിം-2, പിഎം ഇ-ഡ്രൈവ് പദ്ധതികള്‍ വഴിയാണ് ഈ സഹായങ്ങള്‍ ലഭ്യമാക്കുന്നത്. രാജ്യത്തുടനീളം പൊതു ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി ഫെയിം 2 പദ്ധതിക്കു കീഴില്‍ 912.50 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ദേശീയ- സംസ്ഥാന പാതകള്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ ആവശ്യത്തിന് പൊതു ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ലഭ്യമാക്കുന്നതിനായി പിഎം ഇ-ഡ്രൈവ് പദ്ധതി വഴി 2,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ഇടവിട്ട് ആധുനിക വഴിയോര കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ നാഷണല്‍ ഹൈവേസ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡ് വഴി എന്‍എച്ച്എഐ പദ്ധതിയിടുന്നുണ്ട്. ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍, ഇന്ധന പമ്പുകള്‍, ലഘുഭക്ഷണ ശാലകള്‍, വിശ്രമമുറികള്‍, കുടിവെള്ള സൗകര്യം, പാര്‍ക്കിങ്, യാത്രികര്‍ക്കും ട്രക്ക് ഡ്രൈവര്‍മാര്‍ക്കുമായി താമസസൗകര്യം എന്നിവയും ഈ വഴിയോര കേന്ദ്രങ്ങളില്‍ ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചു.






