Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

വൈദ്യുത വാഹന വിപണിയിൽ മികച്ച ഉണർവ്

കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന വിപണി പുതിയ ബ്രാൻഡുകളും മോഡലുകളുമായി മികച്ച ഉണർവിലേക്ക് നീങ്ങുന്നു. ടാറ്റ മോട്ടോഴ്സ് മുതൽ മാരുതി സുസുക്കി വരെയുള്ള മുൻനിര കമ്പനികൾ പുതിയ വൈദ്യുത വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇതോടൊപ്പം വിദേശത്തെ മുൻനിര കമ്പനികളും ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയുടെ സാധ്യതകൾ മുതലെടുക്കാൻ ആവേശപൂർവം മുന്നോട്ടുവരുന്നു.

അതേസമയം വൈദ്യുത വാഹനങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവയാണ് വിദേശ കമ്പനികൾക്ക് തലവേദന സൃഷ്ടിക്കുന്നത്.

അറുപതിനായിരം ഡോളറിലധികം വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ വ്യാപാര, വാണിജ്യ, ഇലക്ട്രോണിക്സ്, ഹെവി ഇൻഡസ്ട്രീസ് മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു.

യു.കെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നതിന് സാഹചര്യം ഒരുക്കുന്നതിനായി 60,000 ഡോളറിലധികം വിലയുള്ള ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നികുതി 30 ശതമാനമായി കുറയ്ക്കാനും സാധ്യതയുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ കാർ കമ്പനിയായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ കാറുകൾ വിൽക്കാനും തയ്യാറെടുക്കുകയാണ്.

ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചാൽ അടുത്ത വർഷമാദ്യം ടെസ്‌ലയുടെ കാറുകൾ ഇന്ത്യൻ നിരത്തുകളിലെത്തും.

X
Top