
സ്വാഭാവിക റബറിന്റെ വില കിലോയ്ക്ക് 300 ആയി ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ ആവശ്യത്തിന് റബര്‍ ലഭ്യമല്ലെന്ന് പരാതി ശക്തം. ഈ സാഹചര്യത്തില്‍ താല്‍ക്കാലികമായി തീരുവയില്ലാതെ സ്വാഭാവിക റബര്‍ ഇറക്കുമതി അനുവദിക്കണമെന്നാണ് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ATMA) ആവശ്യം. രാജ്യത്ത് റബര്‍ ഉല്‍പ്പാദനം ഏറ്റവും ഉയര്ന്നുനില്ക്കുന്ന സീസണില്‍പ്പോലും ആവശ്യത്തിന് റബര്‍ ലഭിക്കുന്നില്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
ഇത് സംബന്ധിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് സംഘടന കത്ത് അയച്ചിട്ടുണ്ട്. ഇതില്‍ താരിഫ് റേറ്റ് ക്വോട്ട (TRQ) സംവിധാനത്തിന് കീഴില്‍ തീരുവയില്ലാത്ത ഇറക്കുമതിക്ക് അടിയന്തര അനുമതി നല്‍കണമെന്ന് ATMA ആവശ്യപ്പെട്ടിരിക്കുന്നത്.
ആഭ്യന്തര ആവശ്യവും ലഭ്യതയും തമ്മിലുള്ള കണക്കാക്കിയ കുറവിന് തുല്യമായ അളവില്‍ മാത്രമായിരിക്കണം ഇറക്കുമതിക്ക് അനുമതി നല്‍കേണ്ടതെന്നും സംഘടന നിര്‍ദേശിച്ചു. വിപണിയിലെയും വിതരണത്തിലെയും സാഹചര്യം സാധാരണ നിലയിലാകുന്നതുവരെ ഈ സംവിധാനം തുടരണമെന്നുമാണ് ആവശ്യം.
കുതിപ്പില്‍ സ്വാഭാവിക റബര്‍ വില
രാജ്യത്ത് സ്വാഭാവിക റബറിന്റെ വില കിലോയ്ക്ക് 300 ആയി ഉയര്‍ന്നിട്ടുണ്ട്. 2025 നവംബറിലെ ശരാശരി വിലയായ 186 രൂപയെ അപേക്ഷിച്ച് ഏകദേശം 62 ശതമാനത്തിന്റെ വര്‍ധനയാണിത്. ഇന്ത്യയില്‍ സ്വാഭാവിക റബറിന്റെ ഉല്‍പ്പാദനം ആഭ്യന്തര ഉപഭോഗത്തേക്കാള്‍ വളരെ കുറവാണ്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ റബര്‍ ഉല്‍പ്പാദനം 9.05 ലക്ഷം ടണ്ണായിരുന്നപ്പോള് ഉപഭോഗം 14.27 ലക്ഷം ടണ്ണായിരുന്നു. ഇതോടെ ആവശ്യവും ഉല്‍പ്പാദനവും തമ്മിലുള്ള കുറവ് ഏകദേശം 37 ശതമാനമായി.
ഉല്‍പ്പാദനം ഉയര്‍ന്നിട്ടും ലഭ്യതക്കുറവ്
സാധാരണയായി റബര്‍ ഉല്‍പ്പാദനം കൂടുതലുള്ള ടാപ്പിങ് സീസണിലാണ് ടയര്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനത്തിനാവശ്യമായ റബ്ബര്‍ ആഭ്യന്തര വിപണിയില്‍ നിന്ന് സംഭരിക്കുന്നത്. എന്നാല്‍ ഇത്തവണ ഈ കാലയളവില്‍പ്പോലും ആവശ്യത്തിന് റബര്‍ ലഭിക്കുന്നില്ല. അതേസമയം സംഭരണച്ചെലവ് കുത്തനെ ഉയരുകയും ചെയ്തു.
ആഭ്യന്തര റബര്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം നിര്‍മാതാക്കള്‍ക്ക് ഉല്‍പ്പാദനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍, വിപണിയിലെ കണക്കാക്കിയ ക്ഷാമത്തിന് പരിമിതപ്പെടുത്തിയ താല്‍ക്കാലിക തീരുവരഹിത ഇറക്കുമതി ക്വോട്ട സഹായകമാകുമെന്നാണ് ATMA ചെയര്മാന് അരുണ്‍ മമ്മന്‍ പറയുന്നത്.
പശ്ചിമേഷ്യന്‍ പ്രതിസന്ധി
സ്വാഭാവിക റബറിന്റെ വില വര്‍ധനയ്ക്കു പുറമെ സിന്തറ്റിക് റബര്‍, കാര്‍ബണ്‍ ബ്ലാക്ക്, മറ്റ് പെട്രോളിയം അധിഷ്ഠിത അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയും ടയര്‍ നിര്‍മാതാക്കള്‍ക്ക് വലിയ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.
പശ്ചിമേഷ്യയില്‍ തുടരുന്ന പ്രതിസന്ധി രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയെയും ചരക്കുനീക്ക, ലോജിസ്റ്റിക്സ് ചെലവുകളെയും ഉയര്‍ത്തിയതും വ്യവസായത്തിന്റെ ചെലവുഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടയര്‍ വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവ് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. 27,000 കോടി രൂപയിലധികമാണ് കയറ്റുമതി വരുമാനം. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടയര്‍ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ത്സരാധിഷ്ഠിത വിലയില്‍ സ്വാഭാവിക റബര്‍ സമയബന്ധിതമായി ലഭ്യമാക്കുന്നത് ആഭ്യന്തര ഉല്‍പ്പാദനം നിലനിര്‍ത്തുന്നതിനും ഉല്‍പ്പാദന തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമത സംരക്ഷിക്കുന്നതിനും അത്യാവശ്യമാണെന്ന് ATMA വ്യക്തമാക്കി.






