
- ചുവന്ന ഇടങ്ങളുടെ മാപ്പ് തയ്യാറാക്കാൻ നിർദേശം
കോട്ടയം: എൽനിനോ കാർഷിക മേഖലയിൽ കഠിന ആഘാതമുണ്ടാക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും. യു.എൻ.ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ചുവന്ന ഇടങ്ങളുടെ മാപ്പ് തയ്യാറാക്കി മുന്നൊരുക്കത്തിന് നിർദേശം നൽകി. വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പ്രവചിച്ചിട്ടുള്ളത് അതിശക്തമായ എൽനിനോയാണ്.
2015-’16-ൽ എൽനിനോ 60 ദശലക്ഷം ആളുകളെയാണ് ലോകത്ത് ബാധിച്ചത്. 23 രാജ്യങ്ങളിലായിരുന്നു ശക്തമായ ആഘാതം. കഠിനമായ വരൾച്ച, അപ്രതീക്ഷിതമായ അതിതീവ്രമഴ എന്നിവയുണ്ടാകാം. ഇന്ത്യയിൽ മൺസൂൺ കുറയും. 2015-ൽ നെല്ലിനും ചോളത്തിനുമാണ് കാര്യമായ നാശമുണ്ടായത്. പാകിസ്താൻ, ഫിലിപ്പീൻസ്, ഇൻഡൊനീഷ്യ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെല്ലാം ഭീഷണിയിലാണ്.
കർഷകർക്ക് മുൻകൂർ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നതടക്കമുള്ള മുന്നൊരുക്കങ്ങൾക്കാണ് നിർദേശം. പ്രാദേശിക കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണ ഒരുക്കം എന്നിവ നടത്തണം. കുറച്ച് വെള്ളം ഉപയോഗിക്കുന്ന വിത്തുകൾ, കൃഷി കലണ്ടർ ക്രമീകരണം, കന്നുകാലികൾക്കുള്ള തീറ്റയുടെ ശേഖരം കൂട്ടൽ എന്നിവയെല്ലാം നിർദേശത്തിലുണ്ട്.
കേന്ദ്രകൃഷിമന്ത്രാലയം നൽകിയ മുന്നറിയിപ്പ് പ്രകാരം 111 ജില്ലകളിൽ അപകടസാധ്യതയുണ്ട്. ഖാരിഫ് ഉത്പാദനത്തിൽ 12 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് മഹാരാഷ്ട്രയിലെ പ്രഗതി കോളേജ് ഗവേഷകസംഘം നടത്തിയ പഠനം പ്രവചിച്ചു. 2015-ൽ മൺസൂൺ മഴക്കുറവ് ഖാരിഫിൽ 10 ശതമാനം ഇടിവുണ്ടാക്കി.
ഇന്ത്യ-നഷ്ടസാധ്യത ഇങ്ങനെ
(വിള, ആഘാതം, നഷ്ടം എന്ന ക്രമത്തിൽ)
ചോളം വളരെ വലുത് 35 ശതമാനം
ചെറുധാന്യം വളരെ വലുത് 30 ശതമാനം
നെല്ല് വലുത് 20 ശതമാനം
പരുത്തി വലുത് 25 ശതമാനം
മറ്റ് ധാന്യങ്ങൾ വലുത് 18 ശതമാനം
കരിമ്പ് സമാന്യം വലുത് 15 ശതമാനം
ഗോതമ്പ് സാമാന്യം വലുത് 25 ശതമാനം
കടല വമ്പൻ 20 ശതമാനം
സംസ്ഥാനങ്ങളിൽ
ആന്ധ്ര നെല്ല്, ധാന്യം, ചോളം 10 ശതമാനം ഇടിവ്
ഗുജറാത്ത് നെല്ല്, കടല, പരുത്തി, ചോളം, ഗോതമ്പ് 18 ശതമാനം ഇടിവ്
മഹാരാഷ്ട്ര നെല്ല്,പരുത്തി,കരിമ്പ്,ധാന്യം 16 ശതമാനം ഇടിവ്
ബംഗാൾ നെല്ലിൽ അഞ്ച് ശതമാനം ഇടിവ്
ബിഹാർ, മധ്യപ്രദേശ്, യു.പി. ചോളം, നെല്ല്, ധാന്യം 20 ശതമാനം ഇടിവ്
കർണാടക നെല്ല്, ചോളം, ധാന്യം 14 ശതമാനം ഇടിവ്
കേരളം
- ഇടുക്കിയിൽ മൺസൂണിൽ 55 ശതമാനംവരെ ഇടിവുണ്ടായത് ഏലം ഉത്പാദനത്തെ ബാധിക്കും. പൂവിടൽ വൈകും. കീടബാധയ്ക്കും സാധ്യത
- നെല്ല് വിളവിറക്കുന്ന സമയത്ത് പാടങ്ങളിൽ വെള്ളമുണ്ടാകില്ല
- കുരുമുളകിൽ ദ്രുതവാട്ടത്തിന് സാധ്യത കൂടും
- റബ്ബറിൽ വിളവ് കുറയാം. കഠിനവേനലും മഴയും ഇടവിട്ട് വന്നാൽ ഫംഗസ് ബാധ സാധ്യത. ഇന്ത്യയിൽ ഉത്പാദനവും ഉപഭോഗവും തമ്മിൽ ആറ് ലക്ഷം ടണ്ണിന്റെ കുറവുണ്ട്. ഇൗ അന്തരം കൂടാം. ലോകം വലിയ റബ്ബർക്ഷാമത്തിലേക്കു പോകാം. കർഷകർക്ക് മാർഗനിർദേശങ്ങൾ നൽകിയെന്ന് ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു
- ജൂൺ ഒന്നുമുതൽ ജൂലായ് ഇതുവരെ 33 ശതമാനംവരെ മഴക്കുറവ്. വയനാട് 61 ശതമാനം, ഇടുക്കി 57 ശതമാനം, പാലക്കാട് 33 ശതമാനം എന്നിങ്ങനെ മഴക്കുറവ്. ഇത് കാർഷികമേഖലയ്ക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന് കാലാവസ്ഥാശാസ്ത്രജ്ഞൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു.






