
- നികുതി ബാധ്യത കുറയ്ക്കാം
ദീർഘകാല മൂലധന നേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്‌സ്-CII) കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഇത്തവണ ചെറിയ വർധന മാത്രമേയുള്ളൂ. സൂചിക മുൻ വർഷത്തെ 376 ൽനിന്ന് 384 ആയാണ് കൂടിയത്.
പണപ്പെരുപ്പം മൂലം ആസ്തികളുടെ മൂല്യത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്ത് മൂലധന നേട്ട നികുതിയിലെ ബാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സൂചികയാണിത്. വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്നുള്ള മൂലധന നേട്ടം കണക്കാക്കാനാണ് ഈ സൂചിക ബാധകമായിരുന്നത്.
നിലവിൽ പല ആസ്തികളുടെയും ഇൻഡക്‌സേഷൻ ആനുകൂല്യം നിർത്തലാക്കിയിട്ടുണ്ടെങ്കിലും 2024 ജൂലായ് 23ന് മുമ്പ് വാങ്ങിയ വസ്തുവകകൾക്കും കെട്ടിടങ്ങൾക്കും തുടർന്നും ഈ ആനുകൂല്യം ലഭിക്കും.
വിശദമായി അറിയാം
വാങ്ങിയ വിലയെ പണപ്പെരുപ്പവുമായി ക്രമീകരിച്ച് ഇൻഡക്‌സേഷൻ ആനുകൂല്യം ലഭ്യമാക്കുകയെന്നതാണ് സൂചികയുടെ ലക്ഷ്യം.
ആസ്തി വിൽക്കുമ്പോൾ ലഭിച്ച വിലയിൽനിന്ന് പണപ്പെരുപ്പത്തിന് അനുസരിച്ച് ക്രമീകരിച്ചശേഷം(വിലക്കയറ്റ സൂചിക പ്രകാരം) ലഭിക്കുന്ന തുകയാണ് മലൂധന നേട്ട(Capital Gain) നികുതിയായി പരിഗണിക്കുക.
സിഐഐ സൂചിക ഉയർന്നാൽ അതിന് ആനുപാതികമായി ലാഭം കുറച്ചുകാണിക്കാനും നികുതി ബാധ്യത കുറയ്ക്കാനും കഴിയും.
2025-26 സാമ്പത്തിക വർഷത്തെ 376ൽനിന്ന് 384 ആയാണ് സിഐഐ വർധിച്ചത്. നടപ്പ് സാമ്പത്തിക വർഷം (2026-27) വിൽക്കുന്ന ആസ്തികൾക്കായിരിക്കും പുതിയ നിരക്ക് ബാധകമാകുക.
നികുതി നിരക്ക്
2024 ജൂലായ് 23ന് മുമ്പ് വാങ്ങിയ ഭൂമിയോ കെട്ടിടമോ ആണെങ്കിൽ പണപ്പെരുപ്പ സൂചിക പ്രകാരം കുറഞ്ഞ വില കണക്കാക്കി അതിന് 20 ശതമാനം നിരക്കിൽ നികുതി നൽകിയാൽ മതിയാകും.
ഇൻഡക്‌സേഷൻ ആനുകൂല്യം ഇല്ലാതെ ദീർഘകാല മൂലധന നേട്ടത്തിന് 12.5 ശതമാനമാണ് നികുതി. ഇവിടെ പണപ്പെരുപ്പ സൂചിക പ്രകാരം വില കുറയ്ക്കാതെയാകും നികുതി ബാധ്യത വരിക.
നിശ്ചിത കാലയളവിന് മുമ്പ് ആസ്തികൾ വാങ്ങിയവർക്ക് സൂചിക പ്രകാരം കുറഞ്ഞ മൂലധന നേട്ട നികുതി നൽകിയാൽ മതിയാകും.
ഉദാഹരണം നോക്കാം. 2002-03 സാമ്പത്തിക വർഷം 30 ലക്ഷം രൂപയ്ക്ക് വീട് വാങ്ങിയെന്ന് കരുതുക. 2025-26 സാമ്പത്തിക വർഷത്തിൽ ആ വീടിന്റെ പണപ്പെരുപ്പം ക്രമീകരിച്ച വില (384/105)X30 ലക്ഷം രൂപ= 1,09,71,428.57 രൂപയായിരിക്കും.
2026 ഏപ്രിൽ ഒന്നിനും 2027 മാർച്ച് 31നും ഇടയിൽ വിൽക്കുകയാണെങ്കിൽ ഈ 1.09 കോടി രൂപ(പണപ്പെരുപ്പം ക്രമീകരിച്ച വില) വിറ്റവിലയിൽനിന്ന് കുറച്ച് ദീർഘകാല മൂലധന നേട്ടം അല്ലെങ്കിൽ നഷ്ടം കണക്കാക്കാം.





