സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. സൈബര്‍ തട്ടിപ്പിനെ കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിത്തന്നെ ഇത്തരം തട്ടിപ്പുകള്‍ ചെറുക്കുന്നതിനുള്ള നടപടിയെടുക്കാന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഉള്‍പ്പടെയാണ് മരവിപ്പിച്ചിരിക്കുന്നത്. എസ്ബിഐയിലെ 40,000, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 10,000, കാനറ ബാങ്കില്‍ 7,000, കൊട്ടക് മഹീന്ദ്ര – 6,000, എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് – 5,000 അകൗണ്ടുകള്‍ ആണ് മരവിപ്പിച്ചത്.
മരവിപ്പിക്കല്‍ നടപ്പാക്കിയ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് തടയാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17000 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. 2023 ജനുവരിക്ക് ശേഷം ഒരു ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.