ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഇനി സി എസ് ഷെട്ടി നയിക്കും. മൂന്ന് വര്‍ഷത്തേക്കാണ് ഷെട്ടിയുടെ നിയമനം. ബാങ്കിന്‍റെ ഏറ്റവും മുതിര്‍ന്ന എംഡിയാണ് ഷെട്ടി. ദിനേഷ് കുമാര്‍ ഖര ഈ മാസം 28ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
മന്ത്രിസഭയുടെ നിയമന സമിതി സാമ്പത്തിക സേവന വകുപ്പ് നല്‍കിയ നിര്‍ദേശം അംഗീകരിച്ചു. ദിനേഷ് കുമാര്‍ ഖര വിരമിക്കുന്ന ഓഗസ്റ്റ് 28ന് തന്നെ സി എസ് ഷെട്ടി ചുമതലയേല്‍ക്കും. ഖരയ്ക്ക് നിലവില്‍ 63 വയസുണ്ട്.
റാണ അശുതോഷ് കുമാര്‍ സിങ്ങിനെ എസ്‌ബിഐ മാനേജിങ് ഡയറക്‌ടറായും നിയമിച്ചു. ചെയര്‍മാനെ സഹായിക്കാന്‍ നാല് എംഡിമാരാണ് എസ്‌ബിഐയ്ക്കുള്ളത്. നിലവില്‍ ഡിഎംഡിയായി പ്രവര്‍ത്തിക്കുന്ന സിങ് 2027 ജൂണ്‍ മുപ്പത് വരെ തത്‌സ്ഥാനത്ത് തുടരും.
സര്‍ക്കാരിന്‍റെ വിവിധ കര്‍മ്മസേനകളിലും സമിതികളിലും തലവനായിരുന്ന വ്യക്തിയാണ് ഷെട്ടി. ബാങ്കിന്‍റെ ഡിജിറ്റല്‍ വിഭാഗം മേധാവി ആയിരുന്നു. കാര്‍ഷിക ശാസ്‌ത്രത്തില്‍ ബിരുദധാരിയായ ഷെട്ടി അസോസിയേറ്റ് ഓഫ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാങ്കേഴ്‌സിന്‍റെ ബിരുദവും സ്വന്തമാക്കി.
1988ല്‍ എസ്‌ബിഐയില്‍ പ്രൊബേഷണറി ഓഫിസറായാണ് തൊഴില്‍ ജീവിതം ആരംഭിച്ചത്. കോര്‍പ്പറേറ്റ് ക്രെഡിറ്റ്, റീട്ടെയ്‌ല്‍, ഡിജിറ്റല്‍, ഇന്‍റര്‍നാഷണല്‍, വികസിത വിപണികള്‍ തുടങ്ങിയ ബാങ്കിങ് മേഖലകളില്‍ എസ്‌ബിഐയെ നയിച്ചു.