
കൊച്ചി: ഗൾഫിലെ യുദ്ധസാഹചര്യങ്ങളും കടൽ, വ്യോമ മാർഗങ്ങളിലൂടെയുള്ള ചരക്കുനീക്കത്തിലെ പ്രതിസന്ധികളും അതിജീവിച്ച് ഇന്ത്യയിൽനിന്നുള്ള കാർഷികോത്പന്ന കയറ്റുമതിയിൽ വളർച്ച. അരിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ളത്.
12.47 ബില്യൺ യുഎസ് ഡോളറിന്‍റെ അരി കഴിഞ്ഞ വർഷം ഇന്ത്യ കയറ്റിയയച്ചു. ലോകത്തെ ഏറ്റവും വലിയ അരികയറ്റുമതി രാജ്യം എന്ന ഖ്യാതി നിലനിർത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബസുമതി അരിക്കു പുറമേ, കേരളത്തിൽനിന്നുള്ള മട്ടയും വലിയ തോതിൽ വിദേശത്തേയ്ക്കു കയറ്റി അയയ്ക്കുന്നുണ്ട്.
2023-24 ൽ 10.41ഉം 2022-23 ൽ 11.15ഉം ബില്യൺ യുഎസ് ഡോളറായിരുന്നു ഇന്ത്യയുടെ അരി കയറ്റുമതി മൂല്യം. 2023-24 ൽ 5242182 ടൺ ബസുമതി അരിയും 11116703 ടൺ മറ്റ് അരികളും ഇന്ത്യ കയറ്റിയയച്ചു.
ഗൾഫിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ഉൾപ്പെടെ 22 രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ കപ്പൽ മാർഗമാണ് (80 ശതമാനം) അധികവും. 20 ശതമാനം കയറ്റുമതി വിമാന മാർഗമാണ്.
ഗൾഫ് മേഖലയിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇരുമാർഗങ്ങളിലുമുള്ള കയറ്റുമതി പ്രതിസന്ധി നേരിട്ടെങ്കിലും വൈകാതെ പുനഃസ്ഥാപിക്കാനായി. കേരളത്തിൽനിന്ന് 15ലധികം കമ്പനികൾ അരി കയറ്റുമതി ചെയ്യുന്നുണ്ട്.
രാജ്യത്തുനിന്ന് ഏറ്റവുമധികം കയറ്റുമതിയുള്ള കാർഷികോത്പന്നവും അരിയാണ്.






