
ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ് ചെയ്യും. ജൂണ്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ നടന്ന ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 53.68 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
45 രൂപ ഇഷ്യു വിലയുള്ള ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ ഐപിഒയ്‌ക്ക് നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 6.11 ശതമാനം പ്രീമിയമുണ്ട്. നേരത്തെ പത്ത് ശതമാനത്തിലേറെയുണ്ടായിരുന്ന ഗ്രേ മാര്‍ക്കറ്റ് പ്രീമിയം പിന്നീട് കുറയുകയായിരുന്നു. ലിസ്റ്റിംഗിലും ഇത്തരത്തിലുള്ള ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.
138.87 കോടി രൂപയാണ് ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ ഐപിഒ വഴി സമാഹരിച്ചത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള നിലവിലുള്ള ഓഹരികളാണ് വിറ്റഴിച്ചത്. പൂര്‍ണമായും ഒഎഫ്‌എസ് ആയതിനാല്‍ കമ്പനിക്ക് ഓഹരി വില്‍പ്പന വഴി പണമൊന്നും ലഭിക്കുന്നതല്ല.
ഐപിഒയ്‌ക്കു ശേഷം കമ്പനിയിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത 64 ശതമാനമായി കുറയും. 2022-23, 2024-2025 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ മികച്ച വളര്‍ച്ചയാണ് കമ്പനിയുടെ ലാഭത്തിലുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി കൈവരിച്ച ലാഭം 24.38 കോടി രൂപയണ്.
ഇക്കാലയളവില്‍ വരുമാനം 281.65 കോടി രൂപയില്‍ നിന്നും 331.29 കോടി രൂപയായി ഉയര്‍ന്നു.






