
കൊച്ചി: വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുടെ പുറംകടലിൽ നങ്കൂരമിടുന്ന വലിയ കപ്പലിലെ ക്രൂ ചേഞ്ചിംഗ് ഓപ്പറേഷൻ (നാവികരും ജീവനക്കാരും ഡ്യൂട്ടി മാറുന്നത്) അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരളത്തിന് വൻ തിരിച്ചടി. ഓരോ കപ്പലും ക്രൂ ചേഞ്ച് നടത്തുമ്പോൾ തുറമുഖത്തിനും അനുബന്ധമേഖലയ്ക്കുമായി 5,000 ഡോളർ വരെ (ഏകദേശം 4 ലക്ഷം രൂപ) വരുമാനം ലഭിക്കുമായിരുന്നതാണ് ഡയറക്‌ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ കഴിഞ്ഞദിവസത്തെ ഉത്തരവോട് കൂടി പൊലിയുന്നത്.
കൊവിഡ് കാലത്താണ് പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിലെ ജീവനക്കാരുടെ ഡ്യൂട്ടി മാറാൻ തുറമുഖത്തെ ഏജൻസികൾക്ക് അനുമതി നൽകിയിരുന്നത്. 2020 മേയ് 15 മുതൽ ഇന്നലെ വരെ കേരളതീരത്ത് 1,22,159 നാവികരാണ് ക്രൂ ചേഞ്ചിംഗ് പ്രയോജനപ്പെടുത്തിയത്. ഇതുവഴി സാമ്പത്തികനേട്ടം ലഭിച്ചിരുന്നത് തുറമുഖത്തിന് പുറമേ ഹോട്ടൽ, ആശുപത്രി, ടാക്സി, ഷോപ്പിംഗ് സെന്ററുകൾ തുടങ്ങിയവയ്ക്കുമായിരുന്നു.
കൊവിഡിൽ ഡ്യൂട്ടി മാറിയ നാവികർ തുറമുഖത്തിന് പുറത്ത് എത്തിയാലും 14 ദിവസം ക്വാറന്റൈനിൽ താമസിച്ചശേഷമേ സ്വദേശത്തേക്ക് മടങ്ങാൻ കഴിയുമായിരുന്നുള്ളു. ഈയിനത്തിൽ കൊച്ചിയിലെ ഹോട്ടലുകൾക്കു മാത്രം 40 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചു. കൊവിഡ് പ്രതിസന്ധിയിൽ അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന ഹോട്ടൽ, ആശുപത്രി, ടാക്സി സർവീസുകൾക്കും വരുമാനം ആശ്വാസമായിരുന്നു.
തുറമുഖത്ത് അടുക്കാത്ത വലിയ കപ്പലുകളാണ് പുറംകടലിൽ നങ്കുരമിടുന്നത്. കൊവിഡിൽ നൽകിയ പ്രത്യേക ആനുകൂല്യം നിലവിലെ സാഹചര്യത്തിൽ പിൻവലിക്കുന്നതായാണ് മന്ത്രാലയം അറിയിച്ചത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ പോർട്ട് അതോറിറ്റി കേന്ദ്ര സർക്കാരിന് കത്തയച്ചു.
കൊവിഡ് പ്രതിസന്ധിയിൽ ഷിപ്പിംഗ് അനുബന്ധമേഖലയെ പിടിച്ചുനിറുത്തിയത് ക്രൂ ചേഞ്ചിംഗ് സർവീസാണെന്നും പിൻവലിക്കരുതെന്നും കേരള സ്റ്റീമർ ഏജൻസീസ് അസോസിയേഷനും ആവശ്യപ്പെട്ടു. കൊവിഡിന് പുറമേ നിലവിൽ മറ്റ് സാംക്രമിക രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ക്രൂ ചേഞ്ചിംഗ് സംവിധാനം നിലനിറുത്തണമെന്ന് അസോസിയേഷൻ ഭാരവാഹികളായ എം. കൃഷ്ണകുമാർ, കെ.എസ്. ബിനു, പ്രകാശ് അയ്യർ എന്നിവർ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.