
കോഴിക്കോട്: പാതിരാസൂര്യൻ്റെ നാട്ടിലേക്ക് കേരളത്തിൻ്റെ തേങ്ങാപ്പാൽ. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിൽ ഒന്നായ നോര്‍വേയിലേക്കാണ് 16,000 കിലോ തേങ്ങാപ്പാല്‍ എത്തുന്നത്. കോഴിക്കോട് ഏറാമല സര്‍വീസ് സഹകരണബാങ്കിൻ്റെ കോക്കനട്ട് കോംപ്ലക്‌സില്‍ നിന്നാണ് ഇത് തയ്യാറാവുന്നത്. ഇതാദ്യമായാണ് ഏറാമല ബാങ്കിൻ്റെ തേങ്ങാപ്പാല്‍ വിദേശത്തേക്കു പോകുന്നത്.
നേരത്തേ, ബാങ്ക് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ ഖത്തറിലേക്ക് കയറ്റി അയച്ചിരുന്നു.
വ്യവസായവകുപ്പിൻ്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷൻ്റെയും നേതൃത്വത്തില്‍ മാർച്ചിൽ കൊച്ചിയില്‍ നടന്ന ട്രേഡക്‌സ് കേരള -2026 അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റിലാണ് ഏറാമല ബാങ്കിൻ്റെ തേങ്ങാപ്പാലിന് ഓര്‍ഡര്‍ കിട്ടിയത്. 16,000 കിലോവരുന്ന ഒരു കണ്ടെയ്‌നര്‍ തേങ്ങാപ്പാല്‍ ഏപ്രിലില്‍ അവസാന വാരത്തോടെയോ മെയ്‌മാസം ആദ്യവാരത്തോടെയോ നോര്‍വേയിലേക്ക് പോകും.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടയാണ് കയറ്റുമതിയില്‍ കാലതാമസം നേരിട്ടത്. കയറ്റുമതി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഏറാമല കോക്കനട്ട് കോംപ്ലക്‌സ് മാനേജര്‍ എം.കെ. നിഷാന്തും നോര്‍വേയുടെ വ്യാപാരപ്രതിനിധികളും ഒപ്പിട്ടു.
നോര്‍വേ തേങ്ങാപ്പാല്‍ കൂടുതലായി ഫിലിപ്പീന്‍സില്‍ നിന്നാണ് ഇറക്കുമതി ചെയ്‌തിരുന്നത്.
എന്നാല്‍ കൊച്ചിയില്‍ നടന്ന ട്രേഡക്‌സ് കേരള -2026, ഫിലീപ്പീന്‍സിനെ കടത്തി വെട്ടി ഏറാമലയെ നോര്‍വേയിലെ നെറുകയിലെത്തിച്ചു. ആരോഗ്യത്തിന് കോട്ടം തട്ടാത്ത ഏറാമല തേങ്ങപ്പാല്‍ ഭക്ഷ്യവസ്‌തുക്കളില്‍ ചേര്‍ക്കുന്നത് നല്ലതാണെന്ന് മനസിലായതോടെയാണ് നോര്‍വേ പേറ്റൻ്റ് അനുവദിച്ചത്.
ഭക്ഷ്യ ഉത്‌പന്നങ്ങളില്‍ ചേര്‍ക്കാനാണ് തേങ്ങാപ്പാല്‍ നോര്‍വേ ഇറക്കുമതി ചെയ്യുന്നത്. പാക്കറ്റ് തേങ്ങപ്പാല്‍ 90 ദിവസം കേടുകൂടാതെ ഇരിക്കുമെന്നതാണ് പ്രത്യേകത. ചിക്കന്‍ കറി, വെജിറ്റബിള്‍ സ്റ്റ്യൂ, മട്ടന്‍ സ്റ്റ്യൂ, പുഡിങ്, സ്‌മൂത്തി, കോക്കനട്ട് റൈസ്, ഡെസേര്‍ട്ട്, സൂപ്പ്, ഐസ്‌ക്രീം എന്നിവയില്‍ ചേര്‍ക്കാനാണ് തേങ്ങാപാല്‍ നോര്‍വയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതു കൂടാതെ നോർവയിലെ തനത് പാരമ്പര്യ ഡിഷുകളിലും തേങ്ങാപ്പാല്‍ ഉപയോഗിക്കുന്നു.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഏറാമല ബാങ്കിൻ്റെ തേങ്ങാപ്പാല്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. തേങ്ങയ്ക്കു പേരുകേട്ട കുറ്റ്യാടി മേഖലയില്‍ നിന്നാണ് ബാങ്ക് തേങ്ങാപ്പാലുണ്ടാക്കാൻ ആവശ്യമായ നാളികേരം സംഭരിക്കുന്നത്. മനയത്ത് ചന്ദ്രന്‍ ചെയര്‍മാനായ ഏറാമല സഹകരണബാങ്ക് കൊവിഡ് കാലത്താണ് തേങ്ങാപ്പാല്‍ ഉത്‌പാദിപ്പിക്കാന്‍ തുടങ്ങിയത്.
കോക്കനട്ട് കോംപ്ലക്‌സില്‍ ഒരു ഷിഫ്റ്റില്‍ 1500 കിലോ തേങ്ങാപ്പാല്‍ ഉത്പാദിപ്പിക്കാനാവും. യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ശുദ്ധമായ തേങ്ങാപ്പാല്‍ നിര്‍മിക്കുന്നത്. 100 കിലോ തേങ്ങയില്‍ നിന്ന് 60 കിലോ തേങ്ങാപ്പാല്‍ ലഭിക്കുന്നു. ബാക്കി വരുന്ന 40 കിലോ തേങ്ങ പീര കേരളത്തിലെ വിപണികളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.






