ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

പഴയപടിയാകാതെ ഗള്‍ഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി; പ്രാദേശിക വിപണിയെ ആശ്രയിച്ച് കര്‍ഷകര്‍

കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ കയറ്റുമതി മേഖലയില്‍ പ്രതിസന്ധി തുടരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഗള്‍ഫിലേക്ക് കയറ്റിയയ്ക്കുന്ന പഴത്തിന്റെയും പച്ചക്കറിയുടെയും അളവ് നേര്‍പകുതിയായിരുന്നു. ഗള്‍ഫിലേക്കുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

സമുദ്രോത്പന്ന കയറ്റുമതി 2,000 കോടി
ജിസിസി രാജ്യങ്ങളിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി പ്രതിവര്‍ഷം 2,000 കോടി രൂപയുടേതാണ്. യുഎസ്, യൂറോപ്യന്‍ മാര്‍ക്കറ്റുകളെ അപേക്ഷിച്ച് തീരെ ചെറിയ വിപണിയാണ് മിഡില്‍ ഈസ്റ്റിലേത്. കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കയറ്റുമതി കൂടുതലും യുഎഇയിലേക്കാണ്. യുദ്ധം നീണ്ടുനിന്നാല്‍ 500-600 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ (SEAI) സിഇഒ ഡോ. കെ.എന്‍ രാഘവന്‍ പറഞ്ഞു.

യുഎസിലേക്കുള്ള കയറ്റുമതി വീണ്ടും ട്രാക്കിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ സീഫുഡ് ഇന്‍ഡസ്ട്രിയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറയ്ക്കുമോയെന്ന ഭയം സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്കുണ്ട്.

ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സമുദ്രോത്പന്ന കയറ്റുമതി 72,000 കോടി രൂപയുടേതാണ്. യുഎസ് തീരുവ പ്രശ്‌നമുണ്ടായിട്ടു പോലും റെക്കോഡ് വരുമാനം നേടാനായത് ഈ മേഖലയ്ക്ക് ആശ്വാസമാണ്. ഇന്ത്യയില്‍ നിന്നുള്ള സീഫുഡ് എക്‌സ്‌പോര്‍ട്ടിന്റെ ഏറിയപങ്കും കേരളത്തില്‍ നിന്നാണ്.

യൂറോപ്യന്‍ യൂണിയന്‍, ചൈന, തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളിലേക്ക് കടക്കാനായതാണ് യുഎസ് വിപണിയില്‍ പ്രതിസന്ധിയുണ്ടായിട്ടും നേട്ടം കൊയ്യാന്‍ ഇടയാക്കിയത്. വിപണി വൈവിധ്യത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ കയറ്റുമതി ലക്ഷ്യവും സീഫുഡ് ഇന്‍ഡസ്ട്രി ലക്ഷ്യമിടുന്നുണ്ട്.

പഴം-പച്ചക്കറി കയറ്റുമതിക്ക് തിരിച്ചടി
ഗള്‍ഫ് യുദ്ധം ഏറ്റവുമധികം ബാധിച്ചത് പഴം-പച്ചക്കറി കയറ്റുമതിയെയാണ്. കേരളത്തില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വലിയ വിപണിയായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. സ്ഥിരം വിപണിയായതിനാലും വളരെ അടുത്തായതിനാലും കയറ്റുമതിക്കാര്‍ വിപണി വൈവിധ്യത്തിന് ശ്രമിച്ചതുമില്ല. യുദ്ധം വന്നതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതി താറുമാറാകുന്നതിലേക്കാണ് ഇത് നയിച്ചത്.

കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 40-44 രൂപ വരെ വില ലഭിച്ചിരുന്ന പൈനാപ്പിളിന് ഇപ്പോള്‍ ലഭിക്കുന്നത് കഷ്ടിച്ച് 30 രൂപ മാത്രമാണ്. കയറ്റുമതി തടസപ്പെട്ടതാണ് ഇതിന് കാരണം. ഗള്‍ഫിലേക്ക് മുമ്പ് കാര്യമായി പൈനാപ്പിള്‍ കയറി പോയിരുന്നു. ഇപ്പോഴത് തീര്‍ത്തും നിലച്ചുവെന്ന് വാഴക്കുളത്തെ പൈനാപ്പിള്‍ വ്യാപാരിയായ ജേക്കബ് സോജന്‍ പറയുന്നു. ഉത്പാദിപ്പിക്കുന്ന പൈനാപ്പിള്‍ മുഴുവന്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വിറ്റഴിക്കേണ്ടി വന്നതാണ് വില താഴ്ത്തിയത്.

കര്‍ഷകര്‍ക്ക് വലിയ തിരിച്ചടി
ഗള്‍ഫ് വിപണിയിലേക്ക് ആവശ്യമായ പഴം-പച്ചക്കറി കൃഷി നടത്തുന്നവര്‍ കേരളത്തില്‍ നിരവധിയാണ്. ജിസിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവര്‍ കൃഷി ചെയ്യുന്നത്. അതുകൊണ്ട് മുടക്കുമുതല്‍ കൂടുതലാണ്. യുദ്ധം തുടങ്ങിയശേഷം തീരെ കുറഞ്ഞ അളവിലാണ് ഗള്‍ഫിലേക്ക് ചരക്ക് കയറിപ്പോകുന്നത്. ഉത്പാദിപ്പിക്കുന്നവ പ്രാദേശിക മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചാണ് ഇത്തരം കര്‍ഷകര്‍ പിടിച്ചു നില്ക്കുന്നത്.

പലരും പ്രതിസന്ധി തീരുംവരെ കൃഷിക്ക് താല്ക്കാലിക ഇടവേള എടുത്തിരിക്കുകയാണ്. യുദ്ധം തീര്‍ന്നാലും കാര്യങ്ങള്‍ പഴയപടിയാകാന്‍ സമയമെടുക്കുമെന്ന ആശങ്ക കയറ്റുമതിക്കാര്‍ക്കുണ്ട്.

X
Top