
കോഴിക്കോട്: മലബാറിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കും കരുത്ത് പകരുന്നതിനായി, മേയ്ത്ര ഹോസ്പ്പിറ്റലിൽ സമഗ്ര സൗകര്യങ്ങളോടെ ബ്രെസ്റ്റ് ക്യാൻസർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത അവതാരകയും അഭിനേത്രിയും എഴുത്തുകാരിയും ലൈഫ് കോച്ചുമായ ശ്രീമതി അശ്വതി ശ്രീകാന്ത് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മേയ്ത്ര ഹോസ്പ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി. ചെറിയാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ബ്രെസ്റ്റ് ക്യാൻസർ ലോകത്ത് തന്നെ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ക്യാൻസറുകളിൽ ഒന്നാണ്. കേരളത്തിലും ഈ രോഗം വ്യാപകമാണ്, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ഇത് കണ്ടുവരുന്നു. നേരത്തെ കണ്ടെത്തിയാൽ സ്തനാർബുദം പൂർണ്ണമായും സുഖപ്പെടുത്താവുന്നതാണ്.
ഡോ. ജിജോ വി. ചെറിയാൻ ചടങ്ങിൽ സംസാരിച്ചപ്പോൾ പറഞ്ഞു: “സ്ത്രീകൽ ഭയത്തോടെയും ആശങ്കയോടെയും കാണുന്ന രോഗമാണ് ബ്രെസ്റ്റ് ക്യാൻസർ. എന്നാൽ തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിച്ചാൽ വിജയകരമായി ചികിത്സിച്ച് രോഗമുക്തി നേടാനാവുന്ന ഒരു രോഗമാണിത്. അതിനാൽ ഇടവിട്ടുള്ള പരിശോധന അത്യാവശ്യമാണ്. ഈ പുതിയ ക്ലിനിക്ക് അതിന് വേണ്ടിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.”
പുതുതായി ആരംഭിച്ച ബ്രെസ്റ്റ് കാൻസർ ക്ലിനിക് ആധുനിക മാമോഗ്രാം സംവിധാനങ്ങൾ, ക്യാൻസർ സ്ക്രീനിംഗ്, തുടക്കത്തിലുള്ള രോഗനിർണ്ണയം, കാൻസർ സർജറി, കീമോതെറാപ്പി, ഹോർമോണൽ തെറാപ്പി, ഇമ്യൂനോതെറാപ്പി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം, രോഗികൾക്ക് ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണയും നൽകുന്ന സമഗ്രമായ പരിചരണവും ഉറപ്പാക്കുന്നു.
“ഇതിനകം തന്നെ ധാരാളം സ്തനാർബുദ രോഗികളെ ചികിത്സിച്ചിട്ടുണ്ടെങ്കിലും, പുതിയ ക്ലിനിക് എല്ലാ പ്രസക്തമായ ഡിപ്പാർട്മെന്റുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. ഇത് രോഗിക്കുള്ള പരിചരണം കാര്യക്ഷമമാക്കുക മാത്രമല്ല, ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടർമാർക്കിടയിലുള്ള ഏകോപനം വർദ്ധിപ്പിക്കുകയും, വേഗത്തിലുള്ളതും സുഗമവുമായ ചികിത്സാ ഉറപ്പാക്കുകയും ചെയ്യുന്നു,” ഡോ. ജിജോ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡോ. റഷീദ ബീഗം, ഡോ. രാഗേഷ് ആർ. നായർ, ഡോ. വിഷ്ണു ശ്രീദത്ത്, ഡോ. സുനിൽ വി. നായർ, ഡോ. ഷാജി കെ അയിലത്ത്, ഡോ. സുധ ഹരിദാസ്, ഡോ. ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.