
കൊച്ചി: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലേക്ക് നീങ്ങുന്നു.
വെളിച്ചെണ്ണ വില 295 രൂപ പിന്നിട്ടു. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 60-80രൂപയായി.
കേരളത്തിലെ ഉപഭോഗത്തിനും കയറ്റുമതിക്കുമുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ ആവശ്യമായ കൊപ്രയുടെ 80 ശതമാനവും തമിഴ്നാട്ടില്‍ നിന്നാണ് എത്തുന്നത്.
2023-24 സീസണില്‍ തമിഴ്‌നാട്ടിലുണ്ടായ വരള്‍ച്ചയില്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റം രൂക്ഷമാക്കുന്നത്.
കർണാടകയും ആന്ധ്രയുംകൂടി തമിഴ്നാടിനെ ആശ്രയിക്കുന്നതിനാല്‍ കൊപ്ര കിട്ടാക്കനിയായി.
ശ്രീലങ്കയിലെ പച്ചത്തേങ്ങ കൂടി സംഭരിച്ചാണ് തമിഴ്നാട് വിപണി ആവശ്യം നിറവേറ്റിയതെങ്കിലും അവിടെയും ഉത്പാദനം കുറഞ്ഞതാണ് വിനയാകുന്നത്.
ഇതിനു പുറമേ നാഫെഡും അഗ്രിമാർക്കറ്റിംഗ് ബോർഡും ഉയർന്ന വിലയ്ക്ക് തേങ്ങയും കൊപ്രയും സംഭരിക്കുകയും ചെയ്തു.
കേരളത്തില്‍ നിന്നും പച്ചത്തേങ്ങ സംഭരിച്ച് തമിഴ്നാട്ടിലെ കാങ്കയത്തേക്ക് വ്യാപാരികള്‍ കൊണ്ടുപോകുന്നു. പൊള്ളാച്ചി മാർക്കറ്റിലെ ഏജന്റുമാരും രംഗത്തെത്തിയതോടെ കേരളത്തില്‍ പച്ചത്തേങ്ങയ്ക്ക് വിലകൂടി. കേര കർഷകർക്ക് ആശ്വാസമായെങ്കിലും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വെളിച്ചെണ്ണ വില 360രൂപ വരെ ഉയരാൻ സാദ്ധ്യതയുണ്ട്.
നാളികേര കൃഷിയില്‍ കേരളം തളരുന്നു.
തെങ്ങുകൃഷിക്ക് പേരുണ്ടെങ്കിലും നാളികേര ഉത്പാദനത്തില്‍ കർണാടകയും തമിഴ്നാടും ആന്ധ്രയും കേരളത്തെ പിന്തള്ളി. കൃഷിസ്ഥലത്തിന്റെ വിസ്തൃതിയില്‍ അവർ പിന്നിലാണെങ്കിലും ഉത്പാദനത്തില്‍ മുന്നിലാണ്.
കർഷകർക്ക് മതിയായ പിന്തുണ ലഭിക്കാത്തതും കീടങ്ങളുടെ ആക്രമണവും രോഗബാധയുമാണ് കേരളത്തില്‍ നാളികേര ഉത്പാദനം കുറച്ചത്. ആകെ ഉപഭോഗത്തിന്റെ 20 ശതമാനം മാത്രമാണ് ഉത്പാദനം.
സംസ്ഥാനം……..ഹെക്ടർ………….. ഉത്പാദനക്ഷമത (എണ്ണം ഹെക്ടർ അടിസ്ഥാനത്തില്‍)
കേരളം……………….765840………………… 7211
തമിഴ്നാട്…………..492610………………..12367
കർണാടക………….564620………………. 10894
ആന്ധ്രാപ്രദേശ് …107370…………………15899