സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ചാംപ്യൻസ് ബോട്ട് ലീഗ് പിറവത്ത്

  • മത്സരം ഒക്ടോബർ ഒന്നിന്
  • മന്ത്രി പി. രാജീവ് രക്ഷാധികാരിയായി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു

കൊച്ചി: പിറവത്ത് മത്സരവള്ളം കളിയുടെ ആവേശവും ആരവവുമുയർത്താൻ ഒക്ടോബർ ഒന്നിന് രണ്ടാമത് ചാംപ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) നടക്കും. വള്ളംകളി മത്സരം വിപുലമായി നടത്താൻ അനൂപ് ജേക്കബ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന പ്രാദേശിക കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പ്രശസ്തമായ പിറവം ജലോത്സവവും സി.ബി.എല്ലിനോട് അനുബന്ധിച്ച് നടത്തും.
സെപ്റ്റംബർ നാലാം തീയതി നെഹ്റു ട്രോഫി വള്ളം കളിയോടെയാണ് ടൂറിസം വകുപ്പ് നടത്തുന്ന ചാംപ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം സീസണ് തുടക്കമാകുന്നത്. സി.ബി.എല്ലിന്റെ ഭാഗമായി ജില്ലയിൽ പിറവത്തും മറൈൻ ഡ്രൈവിലുമാണ് മത്സര വള്ളംകളികളുള്ളത്. മൂന്ന് മണിയോടെ ആരംഭിക്കുന്ന മത്സരങ്ങൾക്ക് മുൻപും ഇടവേളകളിലുമായി പ്രാദേശിക വള്ളംകളി മത്സരങ്ങൾ നടത്താനാണ് തീരുമാനം.
പിറവം പുഴയിൽ മത്സരം നടക്കുന്ന ഭാഗങ്ങളിലെ ആഴം പരിശോധിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രഡ്ജിംഗ് നടത്തേണ്ടതുണ്ടെങ്കിൽ അടിയന്തരമായി റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിക്കാനാണ് നിർദേശം. മത്സരസമയത്ത് മറ്റ് വള്ളങ്ങളോ വഞ്ചികളോ ആളുകളോ പുഴയിൽ ഇറങ്ങുന്നില്ല എന്ന് ഉറപ്പു വരുത്താൻ പൊലീസിനോടും അഗ്നി രക്ഷാ സേനയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഴുക്കിന് എതിരായി നടക്കുന്ന വള്ളംകളി എന്ന പേരിൽ പ്രശസ്തമാണ് പിറവത്തേത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേക ഊന്നൽ നൽകി പ്രചാരണങ്ങൾ നടത്തും. ആഘോഷങ്ങളുടെ ഭാഗമായി വഞ്ചിപ്പാട്ടും മറ്റ് ജലകായിക പരിപാടികളും സംഘടിപ്പിക്കും. സി.ബി.എൽ അധികൃതർ ഒരുക്കുന്ന പവലിയന് പുറമേ കാണികൾക്ക് വേണ്ടി നഗരസഭയുടെ നേതൃത്വത്തിലും പവലിയൻ തയ്യാറാക്കാനും യോഗത്തിൽ തീരുമാനിച്ചു. ക്രമസമാധാന പാലനവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പു വരുത്താൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പിറവം കൊള്ളിക്കൽ ഐ.ബിയിൽ ചേർന്ന യോഗത്തിൽ മത്സര വള്ളംകളിയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി മന്ത്രി പി.രാജീവ് രക്ഷാധികാരിയും അനൂപ് ജേക്കബ് എം.എൽ.എ ചെയർമാനായും പ്രത്യേക സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. പിറവം നഗരസഭ ചെയർപേഴ്സൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാക്കുട, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഇതിന് പുറമേ വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പിറവം നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി സലീം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, മുൻ എം.എൽ.എമാരായ കെ.കെ ഷാജു, സി.കെ സദാശിവൻ, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ അനി, സി.ബി.എൽ സാങ്കേതിക സമിതി അംഗങ്ങളായ എം.എസ് ഇഖ്ബാൽ, ആർ.ആർ കുറുപ്പ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

X
Top