
കൊച്ചി: ആഭ്യന്തര വിപണിയിലെ തളർച്ചയും കയറ്റുമതിയിലെ ഇടിവും ഇന്ത്യയുടെ വ്യാവസായിക ഉത്പാദന മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം വ്യാപാര രംഗത്ത് അനിശ്ചിതത്വം ശക്തമായതോടെ കയറ്റുമതി സാദ്ധ്യതകള്‍ മങ്ങുകയാണ്. ഉപഭോക്തൃ സാധനങ്ങളുടെ ഉത്പാദനത്തില്‍ ഫെബ്രുവരിയില്‍ വലിയ തിരിച്ചടി നേരിട്ടു.
നഗരങ്ങള്‍ക്ക് പിന്നാലെ ഗ്രാമീണ മേഖലയിലും ഉപഭോഗം ഇടിയുകയാണെന്ന് എഫ്.എം.സി.ജി കമ്പനികള്‍ പറയുന്നു. ഫെബ്രുവരിയില്‍ പ്രമുഖ കാർ നിർമ്മാണ കമ്പനികള്‍ക്കൊന്നും കാര്യമായ വില്‍പ്പന നേട്ടമുണ്ടാക്കാനായില്ല.
കാർഷിക ഉത്പന്നങ്ങളുടെ വില കുത്തനെ ഇടിയുന്നതും വെല്ലുവിളി ശക്തമാക്കുന്നു. വില്‍പ്പന കുറഞ്ഞതോടെ മുൻനിര കമ്ബനികള്‍ ഉത്പാദനം നിയന്ത്രിക്കാൻ നിർബന്ധിതരാകുകയാണ്.
വില്‍പ്പനയിലും മാർജിനിലും പ്രതീക്ഷിച്ച വളർച്ച നേടാനാവാത്തതിനാല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനും പുതിയ നിയമനങ്ങള്‍ നിറുത്തിവെക്കാനും പല കമ്പനികളും ആലോചന തുടങ്ങി.
നിലവില്‍ കേന്ദ്ര സർക്കാർ അടിസ്ഥാനസൗകര്യ വികസന രംഗത്ത് മുടക്കുന്ന പണത്തിന്റെ കരുത്തിലാണ് സാമ്ബത്തിക രംഗം പിടിച്ചുനില്‍ക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.
വ്യാവസായിക ഉത്പാദനവും ഉപഭോഗവും തളരുന്നു
പലിശ കുറയ്ക്കാൻ സമ്മർദ്ദമേറുന്നു
ധനകാര്യ, വ്യവസായ മേഖലകളിലെ തളർച്ച കണക്കിലെടുത്ത് മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കില്‍ സമ്മർദ്ദമേറുന്നു.
ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് വില കുറയുന്നതിനാല്‍ നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്നതും പലിശ ഇളവിന് അനുകൂല സാഹചര്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. ഫെബ്രുവരിയിലെ ധന അവലോകന നയത്തില്‍ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു.
ഏപ്രിലില്‍ നടക്കുന്ന അടുത്ത ധന നയ രൂപീകരണ യോഗത്തില്‍ റിപ്പോ നിരക്ക് അര ശതമാനം കുറച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്.
വെല്ലുവിളിക്കാലം
- ട്രംപിന്റെ വ്യാപാര യുദ്ധം ആഗോള വിപണികളില്‍ അനിശ്ചിതത്വം ശക്തമാക്കിയതോടെ കയറ്റുമതിക്കാർ തിരിച്ചടി നേരിടുന്നു
- കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ് ഗ്രാമീണ മേഖലയിലെ ഉപഭോഗത്തില്‍ കുറവുണ്ടാക്കിയതിനാല്‍ കമ്ബനികള്‍ ഉത്പാദനം കുറയ്ക്കുന്നു
- അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം ഉത്പാദന ചെലവ് കൂട്ടുന്നതിനാല്‍ കമ്പനികളുടെ ലാഭക്ഷമത കുറയുന്നു