
ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പ് കെട്ടിവച്ച തുകയില്‍ നിന്നും 5000 കോടി രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രസഹകരണ മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചു. നിക്ഷേപകരുടെ കുടിശ്ശിക തീര്‍ക്കാനാണ് സര്‍ക്കാര്‍ പണം ആവശ്യപ്പെടുന്നത്. നിരവധി ചിട്ടി ഫണ്ട് കമ്പനികളിലും സഹാറ ക്രെഡിറ്റ് സ്ഥാപനങ്ങളിലും നിക്ഷേപം നടത്തിയ നിക്ഷേപകര്‍ക്ക് തുക നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പിനാക് പാനി മൊഹന്തി എന്നയാള്‍ പൊതുതാല്‍പര്യ ഹര്‍ജി (പിഐഎല്‍) സമര്‍പ്പിച്ചിരുന്നു.
സഹകരണ മന്ത്രാലയം അതില്‍ കക്ഷി ചേര്‍ന്നു. സഹാറ സ്ഥാപനങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷിക്കണമെന്നും ചിട്ടി ഫണ്ട് കമ്പനികള്‍ക്കെതിരായ കേസ് അന്വേഷിക്കുമ്പോള്‍ ഏജന്‍സി ഇതുവരെ പിടിച്ചെടുത്ത തുക നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ ഉപയോഗിക്കണമെന്നും പൊതുതാല്‍പര്യ ഹര്‍ജി ആവശ്യപ്പെടുന്നു. ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SIRECL), സഹാറ ഹൗസിംഗ് ഇന്ത്യ കോര്‍പറേഷന്‍ ലിമിറ്റഡ് (എസ്എച്ച്‌ഐസിഎല്‍) എന്നീ രണ്ട് സഹാറ സ്ഥാപനങ്ങള്‍ 2012 ഓഗസ്റ്റിലാണ് സെബി-സഹാറ റീഫണ്ട് അക്കൗണ്ട് ഫണ്ടില്‍ 15000 കോടി രൂപ നിക്ഷേപിക്കുന്നത്. ഇരു ഗ്രൂപ്പുകളും അനധികൃതമായി കണ്‍വേര്‍ട്ടബിള്‍ ബോണ്ട് വഴി പണം സമാഹരിച്ചു. പണം തിരികെ നല്‍കാന്‍ സെബി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 15000 കോടി രൂപ നിക്ഷേപിക്കുകയും അത് പലിശസഹിതം 24000 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു.
മുന്‍ ജഡ്ജി ജസ്റ്റിസ് (റിട്ട) ബിഎന്‍ അഗര്‍വാളാണ് നിക്ഷേപകര്‍ക്ക് പണം റീഫണ്ട് ചെയ്യുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. 138 കോടി രൂപ മാത്രമാണ് ഇതുവരെ നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയത്. ബാക്കിയുള്ളത് 23937 കോടി രൂപയാണ്.
അതില്‍ നിന്നും 5000 കോടി രൂപ അനുവദിക്കണമെന്നാണ് നിലവിലെ ആവശ്യം.