ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്

മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയിൽ 2026 മാർച്ചിൽ 17 ശതമാനം കുറവുണ്ടായതായി പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി.) കണക്ക് വ്യക്തമാക്കുന്നു. 2025 മാർച്ചിൽ 22.8 ദശലക്ഷം ടൺ അസംസ്കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാൽ 2026 മാർച്ചിലിത് 18.9 ദശലക്ഷം ടൺ മാത്രമാണ്. ഇതുവഴി എണ്ണ ഇറക്കുമതി ചെലവിൽ മുൻവർഷത്തെ അപേക്ഷിച്ച് 4.9 ശതമാനം കുറവുണ്ടായി.

2026 മാർച്ചിൽ 1,170 കോടി ഡോളറിന്റെ അസംസ്കൃത എണ്ണയാണ് ഇന്ത്യ വാങ്ങിയത്. തൊട്ടുമുൻവർഷമിത് 1,230 കോടി ഡോളറായിരുന്നു. 2026 മാർച്ചിൽ ഇന്ത്യ വാങ്ങിയ എണ്ണയുടെ ശരാശരി വില വീപ്പയ്ക്ക് 113.49 ഡോളറാണ്. 2026 ഫെബ്രുവരിയിലിത് 69.01 ഡോളറും 2025 മാർച്ചിൽ 75.47 ഡോളറുമായിരുന്നു.

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ ആക്രമണം തുടങ്ങിയശേഷം പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള എണ്ണ വരവ് വലിയ അളവിൽ കുറഞ്ഞു. പകരം റഷ്യ, അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് കൂടുതലായി എണ്ണ വാങ്ങുന്നുണ്ട്. 2025-26 സാമ്പത്തികവർഷം ആകെ ഇന്ത്യ 12,180 കോടി ഡോളറിന്റെ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2024-25 സാമ്പത്തിക വർഷമിത് 13,720 കോടി ഡോളറായിരുന്നു.

2.3 ദശലക്ഷം ടൺ അസംസ്കൃത എണ്ണയാണ് മാർച്ചിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ചത്. 2024-25 മാർച്ചിലിത് 2.5 ദശലക്ഷം ടണ്ണായിരുന്നു. വാർഷിക ഉത്പാദനം മുൻവർഷത്തെ 28.7 ദശലക്ഷം ടണ്ണിൽനിന്ന് 28 ദശലക്ഷം ടണ്ണായും താഴ്ന്നു. ഇന്ത്യയിൽനിന്നുള്ള പെട്രോളിയം ഉത്പന്ന കയറ്റുമതിയിലും കുറവുവന്നിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 24.5 ശതമാനം വരെയാണ് ഇടിവ്. 2025 മാർച്ചിലെ 6.1 ദശലക്ഷം ടണ്ണിൽനിന്ന് 4.6 ദശലക്ഷം ടണ്ണായാണിതു കുറഞ്ഞത്.

ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അധിക തീരുവ കൊണ്ടുവന്നതും കയറ്റുമതി കുറയാൻ കാരണമായിട്ടുണ്ട്. നിലവിൽ ഡീസൽ ലിറ്ററിന് 55.50 രൂപയും വിമാന ഇന്ധനം ലിറ്ററിന് 42 രൂപയും കയറ്റുമതി ലെവിയായി കേന്ദ്രസർക്കാർ ഈടാക്കുന്നുണ്ട്.

X
Top