ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്പശ്ചിമേഷ്യൻ പ്രതിസന്ധി: 5 കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കേന്ദ്രം7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാന്റെ വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത്ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍

ബ്രഹ്‌മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നാടിന് സമർപ്പിച്ചു

  • ജൈവമാലിന്യ സംസ്കരണത്തിൽ സംസ്ഥാനം നേടിയത് വലിയ പുരോഗതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: ജൈവമാലിന്യ സംസ്കരണത്തിൽ സംസ്ഥാനം വലിയ പുരോഗതി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ബ്രഹ്‌മപുരത്ത് പൂർത്തീകരിച്ച കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ഉദ്‌ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക രീതിയിലുള്ള പ്ലാന്റാണ് ബിപിസിഎൽ ബ്രഹ്‌മപുരത്ത് സ്ഥാപിച്ചത്. ജൈവമാലിന്യ സംസ്കരണം പൂർണതോതിൽ സാധ്യമാകുന്ന പുതിയ പ്ലാന്റുകൾ പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥാപിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തീകരിക്കുന്ന പാലക്കാട് പ്ലാന്റ് രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണ് കൊല്ലത്ത് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന്റെ ധാരണാപത്രം കഴിഞ്ഞദിവസം ഒപ്പുവെച്ചിരുന്നു. ജൈവ, അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കാൻ മാർഗങ്ങൾ കണ്ടെത്തി, മാലിന്യമുക്ത നവകേരളം രൂപപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികേന്ദ്രീകരണ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം സഹകരിക്കുന്ന ബിപിസിഎല്ലിന്റെ നടപടികളെ മുഖ്യമന്ത്രി പ്രശംസിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അധ്യക്ഷത വഹിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്ലാന്റ് യാഥാർഥ്യമായതെന്നും കേന്ദ്രത്തിന്റെ ‘സ്വച്ഛ് ഭാരത്’ പ്രവർത്തനങ്ങളുടെ സുപ്രധാന ചുവടുവെപ്പാണ് ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റെന്നും സുരേഷ് ഗോപി പറഞ്ഞു.

ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, അഡ്വ. പി വി ശ്രീനിജൻ എംഎൽഎ, മേയർ അഡ്വ. മിനിമോൾ വി കെ, ഡെപ്യുട്ടി മേയർ ദീപക് ജോയ്, ബിപിസിഎൽ റിഫൈനറികളുടെ ഡയറക്ടർ സഞ്ജയ് ഖന്ന, കൊച്ചി റിഫൈനറി എക്സിക്യുട്ടിവ് ഡയറക്ടർ ചാക്കോ എം ജോസ് എന്നിവർ പ്രസംഗിച്ചു.

പ്രതിദിനം 150 ടൺ ജൈവമാലിന്യം ജൈവഇന്ധനമാക്കി മാറ്റാൻ ശേഷിയുള്ള ആധുനിക പ്ലാന്റാണ് ബ്രഹ്‌മപുരത്ത് നിർമിച്ചത്. ഗതാഗതം, വാണിജ്യം, വ്യവസായം, ഗാർഹികം എന്നീ മേഖലകളിൽ സിഎൻജിയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസിന്റെ ഉൽപാദനം സാധ്യമാക്കുകയാണ് പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോഗ്യാസിന്റെ പ്രതിദിന ഉൽപാദന പരിധി ഘട്ടംഘട്ടമായി ഉയർത്താനും പദ്ധതിയുണ്ട്.

ജൈവമാലിന്യ സംസ്കരണത്തിനായി പ്ലാന്റ് പൂർണ സജ്ജമായതായി ബിപിസിഎൽ അധികൃതർ അറിയിച്ചു. ചടങ്ങിൽ മാലിന്യ സംസ്കരണരംഗത്ത് സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങളെ പ്രതിപാദിക്കുന്ന കോഫി ടേബിൾ ബുക്ക് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് മന്ത്രിമാരായ പി രാജീവും എംബി രാജേഷും ചേർന്ന് കൈമാറി.

ബ്രഹ്‌മപുരത്ത് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രാദേശിക സാനിറ്ററി മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി എംബി രാജേഷ് നിർവഹിച്ചു.

ബ്രഹ്‌മപുരത്ത് കോർപറേഷൻ കൈമാറിയ 10 ഏക്കറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

X
Top