
- ടെക്നോപാര്‍ക്കില്‍ ഐടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കേരള ജിസിസി സാധ്യതാ റിപ്പോര്‍ട്ട് പുറത്തിറക്കും
- വ്യവസായ പ്രമുഖര്‍, ജിസിസി എക്സിക്യൂട്ടീവുകള്‍, നയരൂപകര്‍ത്താക്കള്‍, പങ്കാളികള്‍ എന്നിവര്‍ ഭാഗമാകും
തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളെ (ജിസിസി) ആകര്‍ഷിക്കുന്നതിനും ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു പ്രധാന ജിസിസി ഹബ്ബായി സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ട് സമഗ്രമായ ജിസിസി സാധ്യതാ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കേരളം ഒരുങ്ങുന്നു. ടെക്നോപാര്‍ക്കില്‍ ജൂലൈ 21 ന് നടക്കുന്ന ‘കേരള ജിസിസി ഔട്ട്ലുക്ക് 2026’ കോണ്‍ക്ലേവില്‍ വ്യവസായ വാണിജ്യ ഐടി എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ജിസിസി സാധ്യതാ റിപ്പോര്‍ട്ട് പുറത്തിറക്കും.
കേരളത്തിന്‍റെ വളര്‍ന്നുവരുന്ന ജിസിസി ആവാസവ്യവസ്ഥയെക്കുറിച്ചും രാജ്യത്തെ ഒരു പ്രധാന ജിസിസി ഹബ്ബായി സംസ്ഥാനത്തെ അടയാളപ്പെടുത്തുന്ന അവസരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയാണ് ‘കേരള ജിസിസി ഔട്ട്ലുക്ക് 2026’.
ടെക്നോപാര്‍ക്ക് ഫേസ്-1 ലെ പാര്‍ക്ക് സെന്‍ററില്‍ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ വി.മുരളീധരന്‍ എംഎല്‍എ അധ്യക്ഷനാകും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.വി രാജേഷ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് സ്വാഗതവും ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ് നന്ദിയും പറയും.
ഇന്‍ഫോപാര്‍ക്ക്സ് കേരളയും ജിസിസികള്‍ സ്ഥാപിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ബെംഗളൂരു ആസ്ഥാനമായ ആഗോള സ്ഥാപനമായ എഎന്‍എസ്ആറും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറും. എഎന്‍എസ്ആറിന്‍റെ സിഎഫ്ഒ ശ്രീനിവാസന്‍ സാര്‍വഭൗമന്‍ കേരള ഫീസിബിലിറ്റി റിപ്പോര്‍ട്ട് 2026 അവതരിപ്പിക്കും.
കൗണ്‍സിലര്‍ സുനില്‍ എസ്.എസ്, ഇന്‍ഫോപാര്‍ക്ക്സ് കേരള സിഇഒ സുശാന്ത് കുറുന്തില്‍, ജിടെക് സെക്രട്ടറി റോണി സെബാസ്റ്റ്യന്‍ എന്നിവരും പങ്കെടുക്കും.
ജിസിസികളെ ആകര്‍ഷിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള സംസ്ഥാനത്തിന്‍റെ സന്നദ്ധതയും മാര്‍ഗരേഖയും ജിസിസി ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, ജിസിസി എക്സിക്യൂട്ടീവുകള്‍, കണ്‍സള്‍ട്ടന്‍റുകള്‍, മേഖലയിലെ പങ്കാളികള്‍ എന്നിവരെ പരിപാടി ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടി മേഖലയിലെ കേരളത്തിന്‍റെ നേട്ടങ്ങള്‍, ഉയര്‍ന്നുവരുന്ന അവസരങ്ങള്‍, ജിസിസി ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ ഇടം ഉറപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും.
ഏകദിന പരിപാടിയുടെ മുന്നോടിയായി ഉച്ചയ്ക്ക് 2.30 ന് ‘കേരള ജിസിസി അവസരം: തന്ത്രപരമായ വിലയിരുത്തലില്‍ നിന്ന് വേഗത്തിലുള്ള വളര്‍ച്ചയിലേക്ക്’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും.
ശ്രീനിവാസന്‍ സര്‍വഭൗമന്‍ മോഡറേറ്ററാകുന്ന സെഷനില്‍ ബ്രിഗേഡ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹൃഷികേശ് നായര്‍, ഇന്ത്യ സഫിന്‍ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസര്‍ (ഗ്ലോബല്‍) ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടി, ജെഎല്‍എല്‍ പിഡിഎസ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജിപു ജോസ് ജെയിംസ്, എന്‍ഒവിയുടെ ഡിജിറ്റല്‍ ടെക്നോളജി സെന്‍റര്‍ ജനറല്‍ മാനേജരും സെന്‍റര്‍ ഹെഡുമായ കാര്‍ത്തിക് പരശുറാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.






