
കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മികച്ച ലാഭം കൈവരിച്ചു. 36.23 ശതമാനം വാർഷിക വളർച്ചയോടെ ബാങ്കിന്റെ അറ്റാദായം 3,068 കോടി രൂപയായി. മുൻവർഷം സമാന പാദത്തിൽ ഇത് 2,252 കോടി രൂപയായിരുന്നു. 25.99 ശതമാനം വളർച്ചയോടെ ബാങ്കിന്റെ പ്രവർത്തന ലാഭം 5,051 കോടി രൂപയായും ഉയർന്നു.
ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 16.57 ശതമാനം വർധിച്ച് 17.55 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 14.90 ശതമാനം വളര്‍ച്ചയോടെ 9.57 ലക്ഷം കോടി രൂപയായി. ആഗോള വായ്പ 18.64 ശതമാനം വർധിച്ച് 7.97 ലക്ഷം കോടി രൂപയിലെത്തി.
ബാങ്കിന്റെ അസറ്റ് ക്വാളിറ്റിയും കൂടുതൽ ശക്തമായിട്ടുണ്ട്. ഗ്രോസ് നോൺ പെർഫോമിങ് അസറ്റ് (GNPA) ഇക്കാലയളവിൽ 111 ബേസിസ് പോയിന്റുകൾ മെച്ചപ്പെട്ട് 1.81% എന്ന നിലയിലെത്തി. സമാന കാലയളവിൽ നെറ്റ് എൻ.പി.എ 24 ബേസിസ് പോയിന്റുകൾ മെച്ചപ്പെട്ട് 0.51% ആയി മാറി.
ബാങ്കിന്റെ മൊത്തത്തിലുള്ള സാമ്പത്തിക അടിത്തറയും പ്രവർത്തനക്ഷമതയും കൂടുതൽ കരുത്താർജ്ജിച്ചതോടെ റിട്ടേൺ ഓൺ അസറ്റ്സ് (RoA) 1.01 ശതമാനമായും, റിട്ടേൺ ഓൺ ഇക്വിറ്റി (RoE) 16.12 ശതമാനമായും വർധിച്ചു. കാസ (കറന്റ് അക്കൗണ്ട്; സേവിങ്സ് അക്കൗണ്ട്) നിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് 7.18 ശതമാനം വർധിച്ച് 3.02 ലക്ഷം കോടി രൂപയായി. ബാങ്കിന്റെ കാസ അനുപാതം 36.68 ശതമാനമായി.






