
തിരുവനന്തപുരം: ഭരണ നടപടികളും ചട്ടക്കൂടുകളും കാലാനുസൃതമായി പരിഷ്കരിക്കാനും പൊതുഭരണ സംവിധാനം മെച്ചപ്പെടുത്താനുമായി ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽ (ബിപിപിആർ) രൂപീകരിച്ച് സർക്കാർ. സർക്കാരിന്റെ ബിസിനസ് പോളിസി ഉൾപ്പെടുന്ന പബ്ലിക് സർവീസസ് ആക്ട് പ്രകാരമുള്ള ചട്ടങ്ങൾ, കാര്യനിർവഹണ നയങ്ങൾ, അഡ്മിനിസ്‌ട്രേറ്റീവ്- ധനകാര്യ മാനുവലുകൾ എന്നിവ കാലോചിതമായി പരിഷ്കരിക്കുകയാണ് സെല്ലിന്റെ ലക്ഷ്യം.
സർക്കാർ ഓഫീസുകളിൽനിന്നും ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ വേഗത്തിലാക്കാനും ഉത്തരവുകൾ, നടപടിക്രമങ്ങൾ എന്നിവ ലളിതമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. സെക്രട്ടറിയേറ്റിലെയും വിവിധ വകുപ്പുകളിലെയും പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമങ്ങൾ, ചട്ടങ്ങൾ, മാനുവലുകൾ, നടപടിക്രമങ്ങൾ എന്നിവ സമഗ്രമായി പരിശോധിക്കുകയും കാലഹരണപ്പെട്ട രീതികൾ മാറ്റാനുള്ള ശുപാർശ സർക്കാരിന് മുൻപാകെ സമർപ്പിക്കുകയുമാണ് ബിപിപിആർ സെല്ലിന്റെ ചുമതല.
പ്രിൻസിപ്പൽ സെക്രട്ടറിയുടെയോ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയോ നേതൃത്വത്തിലായിരിക്കും സെല്ലിന്റെ പ്രവർത്തനം. രാജ്യത്തിനകത്തും വിദേശത്തുമുള്ള മികച്ച മാതൃകകൾ പഠിച്ച്, പൊതുഭരണരംഗം ആധുനികവൽക്കരിക്കുകയാണ് ബിപിപിആർ സെൽ രൂപീകരിക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ, നിയമവിദഗ്ധർ, പ്രൊഫഷണൽ സംഘടനകൾ, വ്യവസായ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നതിന് കേന്ദ്രീകൃത ഡിജിറ്റൽ പോർട്ടൽ ആരംഭിക്കും. ഭരണപരിഷ്കാര നടപടികൾ അന്തിമമാക്കുന്നതിന് മുന്നോടിയായി വിവിധ തലത്തിലുള്ള ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കും.
നടപടിക്രമങ്ങളുടെ ഭാഗമായി ഓരോ വകുപ്പും ഒരു സീനിയർ നോഡൽ ഓഫീസറെ ബിപിപിആർ സെല്ലിലേക്ക് നിയോഗിക്കും. ഇത്തരത്തിൽ ബിപിപിആർ സെൽ മുന്നോട്ടുവെക്കുന്ന ഭരണപരിഷ്കാര നടപടികൾ ചീഫ് സെക്രട്ടറിയുടെ സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം മന്ത്രിസഭയ്ക്ക് സമർപ്പിക്കും.
തുടക്കത്തിൽ രണ്ടു വർഷ കാലാവധി നിശ്ചയിച്ച ബിപിപിആർ സെല്ലിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി 3.09 കോടി രൂപ അനുവദിച്ചിട്ടുണ്ട്.






