
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ (എഎംസി) ബ്ലാക്ക് റോക്ക് ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ മൂല്യം 62 ശതമാനം കുറച്ചു. 2022 ഒക്ടോബറിന് ശേഷം ഇത് രണ്ടാം തവണയാണ് ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യത്തില്‍ ഇടിവ് വരുത്തുന്നത്.
ഒരു ശതമാനത്തില്‍ താഴെ ഓഹരിയുള്ള ബ്ലാക്ക് റോക്ക്, കമ്പനിയിലെ 2,279 ഓഹരികളുടെ മൂല്യം 4,043,471 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്.
2023 മാര്‍ച്ച് 31 വരെ ബൈജൂവിന്റെ ന്യായ മൂല്യം 8.4 ബില്യണ്‍ ഡോളറാണെന്ന് എഎംസി കണക്കാക്കുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിലെ (എസ്ഇസി) ഫയലിംഗ് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെ ബൈജൂവിന്റെ മൂല്യം 22 ബില്യണ്‍ ഡോളറായിരുന്നു. ബ്ലാക്ക് റോക്ക് ഈ കാലയളവില്‍ ബൈജൂസിലെ ഓഹരികള്‍ വിറ്റു.
മാക്രോ,മൈക്രോ പരിസ്ഥിതി വിലയിരുത്തലിനെ തുടര്‍ന്നാണ് മൂല്യത്തിലെ ഈ തിരുത്തല്‍. സ്റ്റാര്‍ട്ടപ്പിന്റെ മൊത്തത്തിലുള്ള സ്ഥിര മൂല്യത്തെ ഇത് ബാധിക്കുന്നില്ല. ന്യൂനപക്ഷ ഓഹരികള്‍ മാത്രമായതിനാല്‍ പരിമിതമായ വിവരങ്ങളിലേയ്ക്ക് മാത്രമേ ബ്ലാക്ക റോക്കിന് പ്രവേശനമുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എങ്കിലും വന്‍ ധനസമാഹരണത്തിന് ബൈജൂസ് തയ്യാറെടുക്കുമ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍. ഇതിനകം 250 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ബൈജൂസിനായിട്ടുണ്ട്. ഇക്വിറ്റി വഴി 700 മില്യണ്‍ ഉറപ്പാക്കുകയും ചെയ്തു.